സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാന്‍ തീരുമാനം

0
58

സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സുപ്രിം കോടതി വിധി അടിസ്ഥാനമാക്കിയാണ് തീരുമാനം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍, കോടതികള്‍, കമ്മീഷനുകള്‍ തുടങ്ങിയവര്‍ നല്‍കുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയില്‍പ്പെടും.

ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാകും കമ്മിറ്റി. 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍/ സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി/ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ആകാം.

കമ്മറ്റി അംഗങ്ങളുടെ പ്രായം 45നും 70നും ഇടയിലായിരിക്കും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ മാര്‍ഗനിർദശങ്ങള്‍ വകുപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വര്‍ഷമാണ് കമ്മറ്റിയുടെ പരമാവധി കാലാവധി.