വയറുവേദനയുമായി എത്തി 15 കാരന്റെ വയറ്റിൽ നിന്നും ചാർജിംഗ് കേബിൾ പുറത്തെടുത്ത് ഡോക്ടർ

0
104

കുട്ടികൾ കളിക്കുമ്പോൾ കൈയിലുള്ള സാധനങ്ങൾ വായിലിടുന്നത് പതിവാണ്. അബദ്ധത്തിൽ ഇത് വിഴുങ്ങുകയും ചില കുട്ടികളിൽ വയറുവേദന അനുഭവപ്പെടുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ കാണിക്കുകയും ഉചിതമായ ചികിത്സ തേടുകയുമാണ് പതിവ്. ചിലപ്പോഴെങ്കിലും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതും ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. കുട്ടികൾ കളിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്.

ഇപ്പോഴിതാ തുർക്കിയിൽ നിന്നുമുള്ള ഒരു വിചിത്രമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത് മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിള്‍. കടുത്ത ഛര്‍ദ്ദിയുമായാണ് 15 വയസ്സുള്ള കുട്ടിയെ ദിയര്‍ബക്രിലെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയില്‍ വയറിനുള്ളില്‍ കേബിളുണ്ടെന്ന് വ്യക്തമായതോടെ ശസ്ത്രക്രിയ നടത്തി അത് പുറത്തെടുത്തു. തുര്‍ക്കി പോസ്റ്റസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫറാത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ശസത്രക്രിയ നടന്നത്. എക്സ്റേ പരിശോധനയില്‍ വയറ്റില്‍ കേബിള്‍ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കോട്ടിംഗുള്ള കേബിള്‍ ദഹിക്കാതെ വയറ്റില്‍ കിടന്നു. കേബിളിന്റെ ഒരു ഭാഗം ചെറുകുടലില്‍ കുടുങ്ങി. അതുകൊണ്ടുതന്നെ അത് പുറത്തെടുക്കുന്ന നടപടിക്രമം ഏറെ സങ്കീര്‍മായിരുന്നുവെന്ന് ഡോ.യാസര്‍ ഡോഗന്‍ പറഞ്ഞു. ചാർജിംഗ് കേബിളിനൊപ്പം കുട്ടിയുടെ വയറ്റിൽ നിന്ന് ഹെയർപിൻ നീക്കം ചെയ്തു. എന്നാൽ ചാർജിംഗ് കേബിൾ പോലുള്ള വലിയ വസ്തു എങ്ങനെയാണ് കുട്ടിയുടെ വയറ്റിൽ കയറിയതെന്ന് അറിവായിട്ടില്ല.