ബഫർസോൺ വിഷയത്തിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമമമെന്ന് മുഖ്യമന്ത്രി

0
107

ബഫർസോൺ വിഷയത്തിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജീവനോ ജീവനോപാധിയേയോ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതാണ് നിലപാട്. മറിച്ചുള്ള പ്രചരണങ്ങൾ നടക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബഫർസോണായി നിശ്ചയിച്ച പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണെന്ന് സുപ്രിംകോടതിയെ അറിയിക്കും. ഭൂപടങ്ങളും കണക്കുകളും സമർപ്പിക്കും. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് ബഫർ സോൺ വരുന്നത്. ജയറാം രമേശായിരുന്നു അന്ന് പരിസ്ഥിതി മന്ത്രി. കടുത്ത നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രിം കോടതിയിൽ നൽകുകയുള്ളൂ. സുപ്രീം കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശങ്ങൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുൻപാകെ തെളിയിക്കുന്നതിനാണ് എല്ലാ നിർമ്മാണങ്ങളും ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നത്.

ബഫർസോൺ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാർക്കോ കർഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങൾ ബഫർസോൺ ആക്കാൻ പ്രായോഗികമായുള്ള പ്രയാസങ്ങൾ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ജനവാസ പ്രദേശങ്ങൾ വ്യക്തമാക്കി നിർമ്മാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം സഹിതമുള്ള തെളിവുകളും ഹാജരാക്കും. സുപ്രിംകോടതിയിൽ കേരളം ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി ഹിയറിംഗിന് വരുമ്പോൾ ഈ തെളിവുകൾ പൂർണ്ണ തോതിൽ ലഭ്യമാക്കും.