സർവ്വകലാശാലകളിൽ പ്രവേശിക്കരുത്; പെൺകുട്ടികളെ വിലക്കി താലിബാൻ

0
99

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് സർവ്വകലാശാലയിലേക്കുള്ള പ്രവേശനം നിഷേധിച്ച് താലിബാൻ. സ്വകാര്യ സർക്കാർ സർവ്വകലാശാലകൾ വിലക്ക് ഉടൻ നടപ്പാക്കണമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന പെൺകുട്ടികളെ പുറത്താക്കാനും നിർദ്ദേശമുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി നേദ മുഹമ്മദ് നദീമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. സ്ത്രീകൾക്ക് മാത്രമായുള്ള സർവ്വകലാശകൾ അടച്ചു പൂട്ടുമെന്നും താലിബാൻ അറിയിച്ചു.

രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിൽ സ്ത്രീകൾക്ക് ഇനി പ്രവേശനം ലഭിക്കില്ല. മൂന്ന് മാസം മുമ്പ്, അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും സർവകലാശാലകളിൽ നടത്തിയ പ്രവേശന പരീക്ഷകളിൽ പങ്കെടുത്തിരുന്നു.

അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. പുരുഷന്മാരുടെ സ്‌കൂളുകളിൽ സ്ത്രീകൾക്ക് പഠിക്കാൻ കഴിയില്ലെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. ഇതോടപ്പം അവരെ പഠിക്കാൻ വനിതാ അദ്ധ്യാപകർക്ക് മാത്രമെ കഴിയൂ എന്നും താലിബാൻ അറിയിച്ചിരുന്നു.

സ്ത്രീകൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയുള്ള താലിബാന്‍ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ വിമര്‍ശിച്ചു.