പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചു. നേരത്തെ കഫ് സിറപ്പ് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുട്ടികള്‍ മരിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട മരുന്നുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ചില കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചത്. നേപ്പാള്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി നിരോധിത കമ്പനികളുടെ പട്ടിക പുറത്തുവിട്ടു. ദിവ്യ ഫാര്‍മസി ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളാണ് ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്നത്.
നിരോധനം ഈ കമ്പനികളുടെ മരുന്നുകള്‍ക്ക്…
റേഡിയന്റ് പാരന്ററല്‍സ് ലിമിറ്റഡ്, മെര്‍ക്കുറി ലബോറട്ടറീസ് ലിമിറ്റഡ്, അലയന്‍സ് ബയോടെക്, ക്യാപ്ടാബ് ബയോടെക്, അഗ്ലോമെഡ് ലിമിറ്റഡ്, സീ ലബോറട്ടറീസ് ലിമിറ്റഡ്, ഡാഫോഡില്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ജിഎല്‍ജിഎസ് ഫാര്‍മ ലിമിറ്റഡ്, യൂണിജൂല്‍സ് ലൈഫ് സയന്‍സ് ലിമിറ്റഡ്, കണ്‍സെപ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് എന്നിവയുടെ മരുന്നുകള്‍ക്കാണ് നിരോധനം.
ഇതിനുപുറമെ, ആനന്ദ് ലൈഫ് സയന്‍സസ് ലിമിറ്റഡ്, ഐപിസിഎ ലബോറട്ടറീസ് ലിമിറ്റഡ്, കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, ഡയല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്ലോമെഡ് ലിമിറ്റഡ്, മാക്യുര്‍ ലബോറട്ടറീസ് ലിമിറ്റഡ് തുടങ്ങിയ വന്‍കിട കമ്പനികളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഈ കമ്പനികള്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാളിന്റെ വിലക്ക്.
എന്തുകൊണ്ട് നിരോധിച്ചു?
നമ്മുടെ രാജ്യത്തേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അപേക്ഷിച്ച ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. WHO മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചെന്നും ഇത് അടിസ്ഥാനമാക്കിയാണ് വിലക്കെന്നും വകുപ്പ് വക്താവ് സന്തോഷ് കെ.സി അറിയിച്ചു.
മാനദണ്ഡം പാലിക്കാതെ കമ്പനികള്‍..
ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ നേപ്പാളിലേക്ക് മരുന്ന് വിതരണം ചെയ്യാന്‍ അപേക്ഷിച്ച ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നിര്‍മാണ യൂണിറ്റുകള്‍ പരിശോധിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒരു സംഘത്തെ അയച്ചു. ചില കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ല. ചില കമ്പനികള്‍ നിര്‍മ്മാണ രീതികളിലെ മാനദണ്ഡം പാലിക്കുന്നില്ല. ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ ചിലത് ക്രിട്ടിക്കല്‍ കെയര്‍, ഡെന്റല്‍ കാട്രിഡ്ജുകള്‍, വാക്‌സിനുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നവയായിരുന്നു.
ഹരിയാനയില്‍ നിര്‍മിച്ച ചുമയ്ക്കുള്ള നാല് സിറപ്പുകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയത് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ സിറപ്പുകളാണെന്നായിരുന്നു വാദം. ഇതിനെതിരെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയുന്നു.