ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു; ആശുപത്രികളിൽ ബെഡില്ല; ചൈനയിൽ കൊവിഡ് രൂക്ഷം

0
51

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് കേസുകളിൽ വൻ വർധന. ചൈനയിലെ ആശുപത്രികൾ രോഗികളെകൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് ചൈനീസ് എപ്പിഡമോളജിസ്റ്റും ഹെൽത്ത് എക്കണോമിസ്റ്റുമായ എറിക്ക് ഫീഗിൽ അറിയിച്ചു.

‘ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനയിലെ 60 ശതമാനം പേരും ലോകത്തെ 10 ശതമാനം പേരും അടുത്ത 90 ദിവസത്തിനകം കൊവിഡ് പിടിയിലമരും’- എറിക്ക് ട്വീറ്റ് ചെയ്തു.

ബെയ്ജിംഗിലെ ശ്മശാനങ്ങളെല്ലാം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്ന് വോൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ചൈന ഇതുവരെ ഈ വർഷം കൊവിഡ് ബാധിതരായവരുടെ കണക്കോ, മരണ നിരക്കോ പുറത്ത് വിട്ടിട്ടില്ല. ഡോംജാവോ ശ്മശാനം അധികൃതർ നൽകിയ കണക്ക് പ്രകാരം പ്രതിദിനം 200 ഓളം മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. തിരക്ക് മൂലം 2000 മൃതദേഹങ്ങളാണ് സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നത്. 2020 ലേതിന് സമാനമായ സാഹചര്യത്തിലേക്കാണ് ചൈന നീങ്ങുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.