സ്വവർഗ്ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപി സുശീല്‍ മോദി രാജ്യസഭയില്‍. സ്വവർഗ്ഗ വിവാഹത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ബിജെപി എംപിയുടെ വിമർശനം. സാമൂഹീക പ്രാധാന്യമുള്ള വിഷയം രണ്ട് ജഡ്ജിമാര്‍ക്ക് ഇരുന്ന് തീരുമാനിക്കാനാകില്ല. രാജ്യത്തിന്‍റെ സാംസ്കാരിക ധാർമികതക്കെതിരായ ഒരു ഉത്തരവും കോടതി നല്‍കരുതെന്നും സുശീല്‍ മോദി ആവശ്യപ്പെട്ടു.
സ്വവർഗ്ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നല്കിയത്. അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു.
നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മതവിവാഹ നിയമങ്ങളില്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നത് എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.