ഫുഡ് ഡെലിവറി ഏജന്റിന്റെ വേഷത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നയാൾ പിടിയിൽ

0
49

ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന്റെ വേഷത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നയാൾ പിടിയിൽ. വൈറ്റ്ഫീൽഡ് ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ഭക്ഷണ വിതരണ ബാഗിൽ നിന്ന് 3 കിലോ കഞ്ചാവും 0.14 ഗ്രാം ഭാരമുള്ള 12 എൽഎസ്ഡി സ്ട്രിപ്പുകളും കണ്ടെടുത്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് പ്രസ്താവനയിൽ പറയുന്നു.

ആപ്പ് അടിസ്ഥാനമാക്കിയുള്ള ജനപ്രിയ ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ടീ-ഷർട്ടുകളും ബാഗുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം കേസിലെ മുഖ്യപ്രതിയും വിതരണക്കാരനും ഒളിവിലാണെന്നാണ് സിസിബി പറയുന്നത്.

ഇരുവരും ബിഹാർ സ്വദേശികളാണ്. മുമ്പ് ഇവർ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും ക്രൈംബ്രാഞ്ച് അറിയിച്ചു.