വിവാഹമോചനത്തിനായി കോടതിയിലേക്ക് പോകും വഴി ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം

0
43

കൊല്ലം കൊട്ടാരക്കയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. എഴുകോൺ സ്വദേശിനി ഐശ്വര്യക്ക് നേരെയാണ് ഭർത്താവ് അഖിൽരാജ് ആക്രമണം നടത്തിയത്. നിസാര പൊള്ളലുകളോടെ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം നടന്നത്. നാളുകളായി ഐശ്വര്യയും ഭർത്താവ് അഖിൽ രാജും തമ്മിൽ അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് രണ്ട് പേരും ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. കോടതിയിലേക്ക് പോകും വഴിയാണ് ഐശ്വര്യക്ക് നേരെ അഖിലിന്റെ ആക്രമണം. നെടുവത്തൂർ താമരശ്ശേരി ജംഗ്ഷൻ വരെ ഐശ്വര്യയെ അഖിൽ ബൈക്കിൽ പിന്തുടർന്നു. ശേഷം കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നേരത്തെയും ഐശ്വര്യയ്ക്ക് അഖിലിൻ്റെ വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

സ്വയരക്ഷക്കായി ഐശ്വര്യ മുളകുപൊടി കയ്യിൽ കരുതിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് മുളകുപൊടിയുടെ അംശം പൊലീസ് കണ്ടെത്തി. പെട്രോൾ ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഐശ്വര്യയുടെ കൈക്കും മുഖത്തും കഴുത്തിനും പൊള്ളലേറ്റിട്ടുണ്ട്. ആന്തരികാവയങ്ങൾക്ക് പൊള്ളലേറ്റിട്ടില്ലാത്തതിനാൽ പരുക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.