യുകെ കൂട്ടക്കൊല ;അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊന്നത്, കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

0
128

യുകെയില്‍ മലയാളി (UK Malayali nurse) നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിച്ച് യുകെ പോലീസ് (UK police). നഴ്‌സിന്റെ മരണം കൊലപാതകമാണെന്നും അഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്നും പോലീസ് ബന്ധുക്കളെ അറിയിച്ചു. അഞ്ജുവിന്റെ കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതേസമയം പ്രതിയായ സാജുവിനെ 72 മണിക്കൂര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്നും സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗില്‍ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പരിശോധിക്കാനായി സുഹൃത്തുക്കള്‍ വീട്ടിലെത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വീട് തുറന്ന് പരിശോധിക്കുന്നതിനിടെ മൂവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അഞ്ജു നേരത്തെ തന്നെ മരിച്ചിരുന്നു. മക്കളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സാജു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് പിന്തുടര്‍ന്ന് പിടികൂടിയെന്നുമാണ് പുറത്തുവന്ന വിവരം.