ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് കരുത്തായി ‘മോര്‍മുഗാവോ’

0
155

മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഘടിപ്പിച്ച ഐഎന്‍എസ് മോര്‍മുഗാവോ നാവികസേനയില്‍ ചേരുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശക്തി ഇനിയും വര്‍ധിക്കും. മോര്‍മുഗാവോ ശത്രുവിന്റെ കപ്പലിനെ കണ്ണിമവെട്ടുന്ന വേഗതയില്‍ നശിപ്പിക്കാന്‍ പോന്നതാണ്. ഇന്ത്യന്‍ നാവികസേനയുടെ ‘വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ’ രൂപകല്‍പ്പന ചെയ്ത ഈ ഡിസ്‌ട്രോയര്‍ യുദ്ധക്കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്.

പടിഞ്ഞാറന്‍ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലാണ് ഐഎന്‍എസ് മോര്‍മുഗാവോ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 ന് ഐഎന്‍എം മോര്‍മുഗാവോ ആദ്യമായി കടലിലിറങ്ങി, അതേ ദിവസം തന്നെയായിരുന്നു പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ സ്വാതന്ത്ര്യം നേടി 60 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നത്.

ഐഎന്‍എസ് മോര്‍മുഗാവോയുടെ പ്രത്യേകതകള്‍

ഇന്ത്യയില്‍ നിര്‍മ്മിച്ച ശക്തമായ യുദ്ധക്കപ്പലുകളില്‍ ഒന്നായ ഐഎന്‍എസ് മോര്‍മുഗാവോയ്ക്ക് 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയും 7,400 ടണ്‍ ഭാരവുമുണ്ട്. നാല് ശക്തിയേറിയ ഗ്യാസ് ടര്‍ബൈനുകളാല്‍ സജ്ജീകരിച്ചിരിക്കുന്ന കപ്പലിന് 30 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. ബ്രഹ്‌മോസ്, ബരാക്-8 തുടങ്ങിയ മിസൈലുകളാണ് ഐഎന്‍എസ് മോര്‍മുഗാവോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ഇസ്രായേലിന്റെ റഡാര്‍ MF-STAR ഉണ്ട്. ഇതിലൂടെ വായുവിലെ ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ കപ്പലിന് കഴിയും.

127 എംഎം തോക്ക് ഘടിപ്പിച്ച ഐഎന്‍എസ് മോര്‍മുഗാവോയ്ക്ക് 300 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയും. AK-630 ആന്റി മിസൈല്‍ തോക്ക് സംവിധാനമാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആന്റി സബ്മറൈന്‍ റോക്കറ്റ് ലോഞ്ചറും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

മെയ്ഡ് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് ഈ തദ്ദേശീയ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആണവ, ജൈവ, രാസ യുദ്ധങ്ങളെ ചെറുക്കാന്‍ ഈ യുദ്ധക്കപ്പല്‍ പ്രാപ്തമാണ്. നാല് ശക്തിയേറിയ ഗ്യാസ് ടര്‍ബൈനുകളാണ് കപ്പലിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. 30 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ ഈ കപ്പലിന് കഴിയും. കപ്പലിന്റെ അന്തര്‍വാഹിനി വിരുദ്ധ യുദ്ധ ശേഷികള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കപ്പലില്‍ റോക്കറ്റ് ലോഞ്ചറുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, എസ്.എ.ഡബ്ലു ഹെലികോപ്റ്ററുകള്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു. ആണവ, ജൈവ, രാസ യുദ്ധ സാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ കപ്പലിന് കഴിയും. മേഖലയില്‍ ചൈനയുടെ ഭീഷണി വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്രം കേന്ദ്രീകരിച്ച് ഇന്ത്യ നാവികശേഷി വര്‍ധിപ്പിക്കുന്നതായാണ് അറിയുന്നത്.