സുവർണ ചകോരം ബൊളീവിയൻ ചിത്രം ‘ഉതമ’യ്ക്ക്

0
123

ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ബൊളീവിയൻ സിനിമയായ ഉതമയ്ക്കാണ് ലഭിച്ചത്. അലക്‌സാൻഡ്രോ ലോയ്‌സ ഗ്രിസിയാണ് സംവിധായകൻ. മികച്ച സംവിധായകനുള്ള രജത ചകോരം തുർക്കിഷ് സംവിധായകൻ തയ്‌ഫുനിനാണ് ലഭിച്ചത്.

ഇത്തവണത്തെ പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കത്തിനാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നാറ്റ്പാക് അവാർഡ് ഫിറാസ് ഖൂറിയുടെ ‘ആലം’ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക് അവാർഡ് മഹേഷ് നാരായൺ സംവിധാനം ചെയ്‌ത അറിയിപ്പിനാണ്.

രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ ദേശാഭിമാനിയും ദൃശ്യ മാധ്യമത്തിൽ 24 ന്യൂസും നേടി. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രപ്രസ്സിലെ ആര്യ വിആർ നേടി.ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു കലാകൗമുദി ദിനപത്രത്തിലെ അരുൺകുമാർ വിബി അർഹനായി .

ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചൽ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടർ. ഓൺലൈൻ വിഭാഗത്തിൽ ദി ഫോർത്തിനാണ് പുരസ്ക്കാരം. ആകാശവാണിയാണ് മികച്ച റേഡിയോ. അച്ചടി മാധ്യമങ്ങളിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം മെട്രോ വാർത്ത ദിനപ്പത്രത്തിനാണ്.

ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രപ്രസിലെ ബിപി ദീപുവാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫർ. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി ഏഷ്യാനെറ്റ് ന്യൂസിലെ രാജീവ് സോമശേഖരനെ തിരഞ്ഞെടുത്തു. 24 ന്യൂസിലെ അഭിലാഷ് വി ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടി. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫിക്ക് മെട്രോ വാർത്തയിലെ കെബി ജയചന്ദ്രൻ പ്രത്യേക ജൂറി പരാമർശം നേടി.