ബര്‍ലിനിലെ കൂറ്റന്‍ അക്വേറിയം തകര്‍ന്നു തരിപ്പണമായി

0
63

ജര്‍മ്മന്‍ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള അക്വാഡോം വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ അക്വേറിയം തകര്‍ന്നു. ബര്‍ലിനിലെ അക്വോറിയത്തില്‍ 1500ലധികം അപൂര്‍വ്വയിനം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. ബര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വന്‍ ശബ്ദത്തോടെ അക്വേറിയം പൊട്ടുകയായിരുന്നു. വെള്ളവും നൂറുകണക്കിന് ഉഷ്ണമേഖലാ മത്സ്യങ്ങളും പുറത്തേക്ക് ഒഴുകി.

82 അടി ( 25 മീറ്റര്‍ ) ഉയരത്തില്‍ സിലിണ്ടര്‍ ആകൃതിയില്‍ നിര്‍മ്മിച്ച ഈ അക്വേറിയം ബര്‍ലിനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. അക്വേറിയത്തിനകത്ത് കൂടെ സഞ്ചാരികള്‍ക്ക് ലിഫ്റ്റില്‍ പോകാന്‍ കഴിയുന്ന രീതിയിലായിരുന്നു രൂപകല്‍പന. അകത്തേക്കിറങ്ങാനും ഇതുവഴി കഴിയുമായിരുന്നു.

80 അപൂര്‍വ ഇനങ്ങളില്‍നിന്നായി 1500 മീനുകളുണ്ടായിരുന്ന പ്രശസ്തമായ ‘അക്വഡോ’മാണു നാമാവശേഷമായത്. പൊട്ടിത്തെറിച്ച ചില്ലിന്റെ ചീളുകള്‍ കൊണ്ട് 2 പേര്‍ക്കു മുറിവേറ്റു. സമുച്ചയത്തിലെ ഹോട്ടലിന് സാരമായ നാശനഷ്ടങ്ങളുണ്ടായി. റോഡിലും നടപ്പാതയിലുമെല്ലാം വെള്ളവും അവശിഷ്ടങ്ങളും നിറഞ്ഞതിനാല്‍ ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

പത്ത് ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന അക്വേറിയത്തില്‍ അപകടമുണ്ടായതെങ്ങനെയാണെന്ന് വ്യക്തമല്ല. രാത്രിയിലെ കൊടുംതണുപ്പുമൂലം ടാങ്കിന്റെ ചില്ലു ഭിത്തി വിണ്ടുകീറിയതാകാമെന്നു കരുതുന്നു. സിലിണ്ടര്‍ ആകൃതിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഏറ്റവും വലിയ അക്വേറിയമെന്ന ലോകറെക്കോര്‍ഡ് അക്വഡോമിനായിരുന്നു.

അക്വേറിയത്തിലെ വെള്ളം ഒഴുകി ഹോട്ടലിനകവും പുറവും തകര്‍ന്നു. അവശിഷ്ടങ്ങള്‍ റോഡിലേക്കും ഒഴുകിയെത്തി. അപകടം ആള്‍ത്തിരക്കില്ലാത്ത സമയത്തായതിനാലാണ് മറ്റു നാശനഷ്ടങ്ങള്‍ കുറഞ്ഞതെന്ന് ബര്‍ലിന്‍ പോലീസ് വ്യക്തമാക്കി.