കേന്ദ്ര സർക്കാർ പെട്രോൾ–-ഡീസൽ വില കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. ചോദ്യോത്തരവേളയിൽ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഉയർന്ന ഇന്ധനവിലയുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെമേൽ ചാരാൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷ പാർടികൾ കൂട്ടത്തോടെ പ്രതിഷേധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതുകൊണ്ടാണ് ആഭ്യന്തര വിപണിയിൽ പെട്രോൾ–-ഡീസൽ വില കൂടിയതെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന ക്രൂഡോയിൽ വില കാരണം എണ്ണക്കമ്പനികൾക്ക് 27276 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചു.
എന്നാൽ പ്രതിപക്ഷം ഭരിച്ച ആറ് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചിട്ടില്ല–- പുരി കുറ്റപ്പെടുത്തി. എന്നാൽ സംസ്ഥാനങ്ങളുടെ വാറ്റ് ഏറെ കാലമായി ഒരേ നിലയിൽ തുടരുന്നതാണെന്നും മോദി സർക്കാർ വന്നശേഷമാണ് എക്‌സൈസ് തീരുവ കുത്തനെ കൂട്ടിയതെന്നും പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. വർധിപ്പിച്ച തീരുവ പൂർണമായും കുറയ്‌ക്കാൻ കേന്ദ്രം കൂട്ടാക്കുന്നില്ലെന്നും ഇതാണ് ഉയർന്ന വിലയ്‌ക്ക് കാരണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തുടർച്ചയായി
തടസ്സപ്പെട്ട് രാജ്യസഭ
സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രം വേട്ടയാടുന്നതടക്കം വിവിധ വിഷയങ്ങളിൽ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസുകൾ നിരാകരിച്ചതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ തുടർച്ചയായി തടസ്സപ്പെട്ടു. നോട്ടീസുകൾ നിരാകരിക്കപ്പെട്ടത് എന്ത് കാരണത്താലാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷൻ ഹരിവംശിന് ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ഇല്ലാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി.
2 വർഷം; ഇരട്ടിയായി എൽപിജി വില
രണ്ടു വർഷംകൊണ്ട് രാജ്യത്ത് പാചകവാതക വില ഇരട്ടിയായെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി ലോക്‌സഭയിൽ. 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2020 മേയിൽ 581.50 രൂപയായിരുന്നു. ഇപ്പോഴത് 1053 രൂപയായി. മുമ്പ് സബ്‌സിഡി കുറച്ചശേഷമുള്ള വില ഉപയോക്താക്കൾ നൽകിയാൽ മതിയായിരുന്നു. പിന്നീട് പൂർണവില ഉപയോക്താവ് നൽകുകയും സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ എത്തുകയും ചെയ്യുന്ന സംവിധാനമായി. ഇപ്പോള്‍ സബ്‌സിഡി നിർത്തലാക്കുകയും ചെയ്‌തു.