മലേഷ്യയിലെ ക്യാമ്പ് സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു മരണം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 100 ലധികം പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തലസ്ഥാനമായ ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തുള്ള സെലാംഗൂർ സംസ്ഥാനത്ത് പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ റോഡിന്റെ വശത്ത് ക്യാമ്പിംഗ് സൗകര്യങ്ങൾ ഒരുക്കുന്ന ഫാം ഹൗസ് തകർന്നതായി സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു.
മണ്ണിടിച്ചിലിൽ 100 ലധികം പേർ കുടുങ്ങിയതായും 31 പേരെ രക്ഷപ്പെടുത്തിയതായും വകുപ്പ് കൂട്ടിച്ചേർത്തു. മരിച്ച രണ്ടുപേർക്ക് പുറമേ, മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ക്യാമ്പ് സൈറ്റിന് 30 മീറ്റർ (100 അടി) ഉയരത്തിൽ നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ഏകദേശം ഒരു ഏക്കർ (0.4 ഹെക്ടർ) വിസ്തൃതിയിൽ വ്യാപിച്ചുവെന്നും ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നോറസാം ഖമീസ് പറഞ്ഞു.