ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും പണം പിടിച്ചെടുത്തത് ഉൾപ്പടെ വ്യാപക ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയത്. നെയ്യാറ്റിൻകര സബ് ജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരം എഴുത്തുകാർ ഗൂഗിൾ പേ വഴിയാണ് പണം നൽകുന്നതെന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി സബ് ജിസ്ട്രാർ ഓഫീസിലെ സ്റ്റാഫുകളുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 17000 രൂപ പിടിച്ചെടുത്തു.
ചില ഓഫീസുകളിൽ പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ ക്രമക്കേട് നടത്തിയെന്നും വ്യക്തമായി. മാവേലിക്കര സബ് ജിസ്ട്രാർ ഓഫീസിൽ ആധാരം എഴുത്താഫീസ് സ്റ്റാഫിന്റെ പക്കൽ നിന്നും 47000 രൂപയാണ് പിടിച്ചെടുത്തത്. ഓൺലൈൻ ബാങ്ക് ഇടപാടുകളിൽ കൂടുതൽ പരിശോധന നടത്തുമെന്നും വിജിലൻസ് അറിയിച്ചു.
ഇന്നലെയും സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. 54 ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ത്. ആദ്യഘട്ട പരോശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമതും പരിശോധന നടത്തിയത്. ഗൂഗിൾ പേ ഉൾപ്പടെ ഓൺലൈൻ പണം കൈമാറ്റമാണ് പരിശോധിച്ചത്.
ആദ്യഘട്ട വിജിലൻസ് റെയ്ഡിൽ ഒന്നര ലക്ഷത്തോളം രൂപയാണ് വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്ന് പിടിച്ചെടുത്തത്. മലപ്പുറം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും, കാസർകോഡ് സബ് രജിസ്ട്രാർ ഓഫീസിൽ രണ്ട് ഏജന്റിൽ നിന്നും 11,300 രൂപയും, കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ ഏജന്റിൽനിന്ന് 2,1000 രൂപയുമാണ് വിജിലൻസ് പിടിച്ചെടുത്തത്.
ആദ്യഘട്ട പരിശോധനയിൽ പല ഓഫിസുകളിലും റിക്കോർഡ് റൂമിൽനിന്നും തുക കണ്ടെത്തിയിരുന്നു. പത്തനംതിട്ട റാന്നി റെക്കോർഡ് റൂമിൽ നിന്നും ബുക്കുകൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ 6,740 രൂപയാണ് പിടിച്ചെടുത്തത്. എറണാകുളം മട്ടാഞ്ചേരി – 6240, ആലപ്പുഴ – 4,000, കോട്ടയം പാമ്പാടി – 3,650, തൃശൂർ ജില്ലയിലെ മതിലകം -1,210, പത്തനംതിട്ട 1,300, പത്തനംതിട്ട കോന്നി – 1,000, പാലക്കാട് തൃത്താല-1,880, എറണാകുളം പെരുമ്പാവൂർ – 1,420 രൂപ എന്നിങ്ങനെയാണ് കണ്ടെടുത്തത്.
വിജിലൻസ് ടീമിനെ കണ്ട് ആലപ്പുഴ സബ് രജിസ്ട്രാർ 1,000 രൂപ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. തുടർന്ന് ക്യാബിനിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച കണക്കിൽപ്പെടാത്ത 4,000 രൂപയും കണ്ടെത്തിയിരുന്നു. മലപ്പുറം മേലാറ്റൂർ ഓഫീസിലെ ക്ലാർക്കിന്റെ മേശ വിരിപ്പിൻറെ അടിയിൽ നിന്നും 3210 രൂപയായിരുന്നു കണ്ടെത്തിയത്. എറണാകുളം ഇടപ്പള്ളി ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 2,765 രൂപയും, മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 1,500 രൂപയും കണ്ടെത്തിയിരുന്നു.