ലോകത്തെ ഏറ്റവും ഉയരംകുറഞ്ഞ മനുഷ്യനായി അഫ്ഷിൻ ഇസ്മെയിൽ ഘദേർസദേ തിരഞ്ഞെടുക്കപ്പെട്ടു. ഇറാൻ വംശജനാണ് ഇദ്ദേഹം. 20-കാരനായ അഫ്ഷിന്റെ ഉയരം 65.24 സെന്റീമീറ്ററും ഭാരം ആറുകിലോഗ്രാമുമാണ്. ദുബായിൽ ഗിന്നസ് ലോക റെക്കോഡ് ചീഫ് എഡിറ്റർ ക്രെയ്ഗ് ഗ്ലെൻഡയാണ് ലോകത്തെ കുഞ്ഞുമനുഷ്യനെന്ന ഗിന്നസ് വേൾഡ് റെക്കോഡ് അഫ്ഷിന് പ്രഖ്യാപിച്ചത്.
കൊളംബിയയുടെ എഡ്വേർഡ് നിനോ ഹെർണാണ്ടസിനെ മറികടന്നാണ് അഫ്‍ഷിൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 72.1 സെന്റീമീറ്റർ ഉയരമായിരുന്നു എഡ്വേർഡിന്. ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ബിജാൻ കൗണ്ടി എന്ന ഗ്രാമത്തിലാണ് അഫ്ഷിൻ ഇസ്മെയിൽ ജനിച്ചത്.
കൂടെ എപ്പോഴും ഒരാളുടെ സഹായം ആവശ്യമാണ് അഫ്‍ഷിന്. അതുകൊണ്ട് തന്നെ സ്കൂളിൽപോകാൻ അഫ്ഷിന് സാധിച്ചില്ല എന്നും പിതാവ് ഇസ്മായിൽ പറഞ്ഞു. കടുത്ത ഫുട്‌ബോൾ ആരാധകനായ ഈ കുഞ്ഞുമനുഷ്യൻ. മെസ്സിയാണ് അദ്ദേഹത്തിന്റെ ഇഷ്ടതാരം. മെസ്സി കഴിഞ്ഞാൽ പിന്നെ ഇഷ്ടം റൊണാൾഡോയാണ്.