സ്റ്റാന്‍ സ്വാമി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പെഗാസസ് അന്വേഷണ മാതൃകയിലോ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോടെയോ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധം ആരോപിച്ച ‘തെളിവുകൾ’ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ സൈബർ നുഴഞ്ഞുകയറ്റംവഴി നിക്ഷേപിച്ചതാണെന്ന് അമേരിക്കൻ ഫോറൻസിക് ലാബ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്‌ത സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ കഴിയവെ രോഗം ബാധിച്ച് കഴിഞ്ഞവർഷം ജൂലൈയിൽ മരിച്ചു.
സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടർ 2014 മുതൽ അഞ്ചു വർഷം സൈബർ നുഴഞ്ഞുകയറ്റത്തിന് വിധേയമായെന്ന് റിപ്പോർട്ടിലുണ്ട്. മാവോയിസ്റ്റ് ബന്ധം ‘തെളിയിക്കുന്ന’ 44 രേഖ ലാപ്‌ടോപ്പിൽനിന്ന് കിട്ടിയെന്നാണ് എൻഐഎ ആരോപിച്ചത്. എന്നാൽ, ഇവ അദ്ദേഹം ഒരിക്കൽപ്പോലും തുറന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.