Monday
12 January 2026
23.8 C
Kerala
HomeKeralaവിഴിഞ്ഞം പദ്ധതി; ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം പദ്ധതി; ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000 ടൺ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടൺ ആയാണ് ഉയർത്തുന്നത്. എല്ലാ മാസവും പ്രവർത്തന അവലോകനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനം. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024 ആവുമെന്നാണ് കണക്കുകൂട്ടൽ. 70 ശതമാനം നിർമാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി അഹ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിയും സംഘവും പദ്ധതിപ്രദേശം സന്ദർശിക്കുകയും ചെയ്തു.

ലത്തീൻ അതിരൂപതയുടെ സമരം അവസാനിച്ചതോടെ തുറമുഖ നിര്‍മാണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന കാര്യവും പ്രത്യേക ക്രമീകരണങ്ങളൊരുക്കുന്നതുമൊക്കെയാണ് യോഗത്തിൽ ചർച്ചയായത്. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്നാണ് സർക്കാർ നിലപാട്. ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി.

പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതിയാണ്. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തിൽ നിയമാനുസൃതമായാണ് പൊലീസ് നടപടിയെടുത്തത്. തുറമുഖ നിർമ്മാണത്തിനെതിരെ വിഴിഞ്ഞത്ത് സമരസമിതി നടത്തിയ സമരമാണ് സംഘർഷാവസ്ഥയിലേക്ക് എത്തിയത്.

RELATED ARTICLES

Most Popular

Recent Comments