മസ്‌കിന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിലെ ഒന്നാം സ്ഥാനം നഷ്ടമായി

0
46

ട്വിറ്ററിന്റെ പുതിയ മേധാവിയും ടെല്‍സ സിഇഒയുമായ ഇലോണ്‍ മസ്‌കിന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഫോര്‍ബ്‌സ് പട്ടികയനുസരിച്ച് ലൂയിസ് വിറ്റണ്‍ സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുളളത്. ടെസ്ലയുടെ ഓഹരി വിലയിലുണ്ടായ ഇടിവിന് പിന്നാലെയാണ് മസ്‌കിന് സ്ഥാനം നഷ്ടമായത്.

ടെസ്ലയുടെ ഓഹരികള്‍ കുത്തനെ ഇടിയുകയും എല്‍വിഎംഎച്ച് (LVMH) ഓഹരി വില തിങ്കളാഴ്ച വര്‍ധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അര്‍നോള്‍ട്ട് മസ്‌കിനെ മറികടന്ന് ഒന്നാമതെത്തിയതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 186.2 ബില്യണ്‍ ഡോളറാണ് അര്‍നോള്‍ട്ടിന്റെ ആസ്തി.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി 2021 സെപ്റ്റംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി കൈവരിച്ചിരുന്നത് ഇലോണ്‍ മസ്‌ക് ആയിരുന്നു. തിങ്കളാഴ്ച ടെസ്ല ഓഹരികള്‍ ഏകദേശം 6.3 ശതമാനം ഇടിഞ്ഞിരുന്നു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്പനി കെട്ടിപ്പടുത്തിയാണ് അര്‍നോള്‍ട്ട് ഈ സ്ഥാനം നേടുന്നത്. ലൂയിസ് വിറ്റണ്‍, ടിഫാനി, സെലിന്‍, ടാഗ് ഹ്യൂവര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആരാണ് ബെര്‍ണാഡ് അര്‍നോള്‍ട്ട്?

ബെര്‍ണാഡ് അര്‍നോള്‍ട്ട് ഒരു ഫ്രഞ്ച് വ്യവസായിയും എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ ചെയര്‍മാനും ലൂയിയോസ് വിറ്റണ്‍ ഗ്രൂപ്പിന്റെ സിഇഒയുമാണ്. ഡോം പെരിഗ്‌നോണ്‍ (വൈന്‍സ്), ലൂയിസ് വിറ്റണ്‍, ഫെന്‍ഡി, മാര്‍ക്ക് ജേക്കബ്‌സ് (വസ്ത്രങ്ങള്‍), ഫെന്റി ബ്യൂട്ടി ബൈ റിഹാന (മേക്കപ്പ്) എന്നിവയുള്‍പ്പെടെ 70-ഓളം കമ്പനികള്‍ ഇദ്ദേഹത്തിന്റെ ഗ്രൂപ്പിനു കീഴിലുണ്ട്.

എല്‍വിഎംപി സാമ്രാജ്യത്തിന്റെ വിവിധ മേഖലകളിലായി അദ്ദേഹത്തിന്റെ നാലു മ്ക്കളും പ്രവര്‍ത്തിക്കുന്നുണ്ട്. 73 കാരനായ അര്‍നോള്‍ട്ട് ഒരു വ്യവസായ കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. എഞ്ചിനീയറായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. 1971-ല്‍ അദ്ദേഹം തന്റെ പിതാവിന്റെ നിര്‍മ്മാണ സ്ഥാപനമായ ഫെററ്റ്-സാവിനലില്‍ ചേര്‍ന്നു. എട്ട് വര്‍ഷത്തിന് ശേഷം, അദ്ദേഹം കമ്പനിയുടെ പേര് ഫെറിനല്‍ ഇന്‍ക് എന്നാക്കി മാറ്റി റിയല്‍ എസ്റ്റേറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 1979-ല്‍ അര്‍നോള്‍ട്ട് കമ്പനിയുടെ പ്രസിഡന്റായി.