അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്

0
76

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘സ്മാര്‍ട്ട്ഫോണുകളും മനുഷ്യബന്ധങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനവും’ എന്ന വിഷയത്തില്‍ സൈബര്‍മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പങ്കാളിയുമായി ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം അവര്‍ ഫോണിലാണ് ചെലവഴിക്കുന്നത്.

പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. 88 ശതമാനം പേര്‍ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം തങ്ങളുടെ ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. വീട്ടുകാരുമായി സംസാരിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഫോണ്‍ ഉപയോഗം നിര്‍ത്തണമെന്ന് 90 ശതമാനം പേരും ആഗ്രഹിക്കുന്നുണ്ട്.

പഠനമനുസരിച്ച് ഭാര്യയും ഭര്‍ത്താവും ഒരു ദിവസം ഫോണ്‍ ഉപയോഗിക്കുന്നത് ശരാശരി 4.7 മണിക്കൂറാണ്. സ്മാര്‍ട്ട്ഫോണില്‍ മുഴുകിയിരിക്കുമ്പോള്‍ 70 ശതമാനം ആളുകളും തങ്ങളുടെ പങ്കാളി എന്തെങ്കിലും ചോദിക്കുമ്പോള്‍ പ്രകോപിതരാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. 66 ശതമാനം ആളുകളും സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം പങ്കാളിയുമായുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നു.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ 1000 ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം.