അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌ഫോടനം നടത്തിയ മൂന്ന് അക്രമികളെ സുരക്ഷാസേന വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. അതേസമയം കാബൂളിലെ ഹോട്ടലില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഏറ്റെടുത്തു.
ചൈനീസ് നയതന്ത്രജ്ഞരും വ്യവസായികളും പതിവായി തങ്ങുന്ന കാബൂളിലെ ഹോട്ടലാണ് ആക്രമിച്ചത്. രണ്ട് ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അക്രമികളില്‍ ഒരാള്‍ ചൈനീസ് പൗരന്മാരെയും മറ്റൊരാള്‍ റിസപ്ഷന്‍ ഹാള്‍ ലക്ഷ്യമാക്കിയെന്നും ഐഎസ് ഗ്രൂപ്പ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അക്രമികളില്‍ ഒരാള്‍ താലിബാന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിയുകയും മറ്റൊരാള്‍ ഹോട്ടലിലെ അതിഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായും ഐഎസ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് വിദേശികള്‍ക്ക് പരിക്കേറ്റു. ചൈനക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ താമസിക്കുന്ന ലോംഗന്‍ ഹോട്ടലിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് അഫ്ഗാന്റെ ഔദ്യോഗിക അറിയിപ്പ്.