ബില്‍ക്കിസ് ബാനോയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി

0
55

കൂട്ടബലാത്സംഗക്കേസില്‍ 11 പ്രതികളെ ശിക്ഷയിളവ് നല്‍കി ജയിലില്‍നിന്നു മോചിപ്പിച്ചതിനെതിരെ ബില്‍ക്കിസ് ബാനോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി.

ബില്‍ക്കിസ് ബാനോയുടെ ഹര്‍ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും അജയ് റസ്തോഗിയും ഉള്‍പ്പെടുന്ന ബെഞ്ചിനു മുന്‍പാകെയാണു ലിസ്റ്റ് ചെയ്തിരുന്നത്. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ തന്റെ സഹോദരി ജഡ്ജിക്കു കേസ് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നു ജസ്റ്റിസ് റസ്തോഗി പറയുകയായിരുന്നു.

”ഞങ്ങളില്‍ ഒരാള്‍ അംഗമല്ലാത്ത ബെഞ്ചിന്റെ മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യുക,”ബെഞ്ച് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബേല എം ത്രിവേദിയുടെ പിന്മാറ്റത്തിനുള്ള കാരണം ബെഞ്ച് വ്യക്തമാക്കിയിട്ടില്ല.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നുവയസുള്ള മകള്‍ ഉള്‍പ്പെടെ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഓഗസ്റ്റ് 15നാണു ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ശിക്ഷായിളവ് തേടി പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

1992 ജൂലായ് ഒന്‍പതിലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് തേടിയുള്ള ഹര്‍ജിയില്‍ രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായിരുന്നു സുപ്രീം കോടതി മേയ് 13നു നല്‍കിയ നിര്‍ദേശം. എന്നാല്‍, ശിക്ഷായിളവിന്റെ കാര്യത്തില്‍ സുപ്രീം കോടതി മുന്നോട്ടുവച്ച നിയമത്തിന്റെ ആവശ്യകത പൂര്‍ണമായും അവഗണിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ യാന്ത്രികമായ ഉത്തരവാണു പുറപ്പെടുവിച്ചതെന്നു ബില്‍കിസ് ബാനോ ഹര്‍ജിയില്‍ പറഞ്ഞു.ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് പ്രതികളെ മോചിപ്പിച്ചതു ‘സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കി’യെന്നു ബാനോ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഗോധ്രയില്‍ ട്രെയിനിനു തീവച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തിനിടെ ദഹോദ് ജില്ലയിലെ ലിംഖേഡ താലൂക്കില്‍ 2002 മാര്‍ച്ച് മൂന്നിനാണു ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയായത്. സംഭവസമയത്ത് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ബില്‍ക്കിസ്. ഇവരുടെ മൂന്നു വയസുള്ള മകള്‍ സലേഹ ഉള്‍പ്പെടെ ഏഴു പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തു.

കേസില്‍ ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നീ 11 പ്രതികള്‍ക്കു മുംബൈയിലെ പ്രത്യേക സി ബി ഐ കോടതി 2008 ജനുവരി 21ന് ജീവപര്യന്തം തടവ് വിധിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.

കേസിന്റെ അന്വേഷണം സി ബി ഐക്കു കൈമാറുകയും വിചാരണ സുപ്രീം കോടതി ഗുജറാത്തില്‍നിന്നു മഹാരാഷ്ട്രയിലേക്കു മാറ്റുകയും ചെയ്തിരുന്നു. ബില്‍ക്കിസ് വധഭീഷണി നേരിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.