യുക്രെയ്ന്റെ അവസ്ഥ ‘ക്ലോണ്ടൈക്കിലൂടെ’ ലോകത്തിനുമുന്നിലെത്തിച്ച മറെയ്ന

0
92

2014 ലെ റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനിടെയുണ്ടായ യഥാർത്ഥ സംഭവം പ്രേമേയമാകുന്ന ചിത്രമാണ് ‘ക്ലോണ്ടൈക്ക്’ . മറെയ്ന സ്വതന്ത്ര സംവിധായികയാകുന്ന ആദ്യ ചിത്രം കൂടിയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്ന സമയത്ത് അതിർത്തിയിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമം സായുധസേന പിടിച്ചടക്കിയിട്ടും വീട് വിട്ടിറങ്ങാൻ വിസമ്മതിക്കുന്ന ഇർക്കയുടെ ജീവിതമാണ് ‘ക്ലോണ്ടൈക്ക്’. പൂർണ ഗർഭിണിയായ ഇർക്കയും ഭർത്താവ് ടോളിക്കും അനുഭവിക്കുന്ന പ്രതിസന്ധിയിലൂടെയാണ് ചിത്രത്തിന്റെ യാത്ര. റഷ്യൻ ഭീകരതയും യുക്രെയ്ൻ ജനത നേരിടുന്ന അവസ്ഥയെയും ലോകത്തെ അറിയിക്കാനുള്ള മറെയ്ന എർ ഗോർബാക്കിന്റെ ശ്രമമാണ് ചിത്രം.

റഷ്യ- യുക്രെയ്ൻ അതിർത്തി സംഘർഷത്തെ അന്താരാഷ്ട്ര കാഴ്ചക്കാരിലേക്ക് എത്തിക്കാനാണ് ക്ലോണ്ടൈക്ക് എന്ന ചിത്രത്തിലൂടെ മറെയ്ന ശ്രമിക്കുന്നത്. യുക്രെയ്‌നിന്റെ ഈ വർഷത്തെ ഓസ്കാർ പ്രതീക്ഷ കൂടിയാണ് ഈ ചിത്രം . 2022 ലെ സൺഡാൻസ് സിനിമാ മേളയിൽ വേൾഡ്‌ സിനിമ ഡ്രാമാറ്റിക് വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഈ ചിത്രം നേടി. ബെർളിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പനോരമയുടെ ഓഡിയൻസ് പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും, ഇസ്താൻബുൾ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ട്യുളിപ് പുരസ്കാരവും ചിത്രം സ്വന്തമാക്കി .

2022-ലെ റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ട ചലച്ചിത്ര പ്രവർത്തകരിൽ ഒരാളാണ് മറെയ്ന എർ ഗോർബാക്. ജന്മനാടിനായി സിനിമകളിലൂടെ പോലും ശബ്ദം ഉയർത്തുന്നവൾ. 1981 ജൂലൈ 17ന് യുക്രെയ്നിലെ കീവിലാണ് മറെയ്നയുടെ ജനനം. കീവ് നാഷണൽ ഐ കെ കാർപെൻകോ-കാരി തിയേറ്റർ സിനിമ ആൻഡ് ടെലിവിഷൻ യൂണിവേഴ്സിറ്റിൽ നിന്ന് ബിരുദം നേടിയ മറെയ്ന 2009 ലാണ് ഭർത്താവും തുർക്കി ചലച്ചിത്ര നിർമ്മാതാവായ മെഹമ്മദ് ബഹാദിർ എറിനുമായി ചേർന്ന് ആദ്യ ചിത്രമൊരുക്കിയത്. 2013 ലും 2019 ലും മറെയ്നയുടേയും മെഹമ്മദിന്റെയും കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ലവ് മി , ഒമർ ആന്റ് അസ് എന്നീ രണ്ടു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി.