മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് നേരെയുണ്ടായ മഷി ആക്രമണത്തെ തുടര്‍ന്ന് ഏഴ് പോലീസുകാരെയും മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തതായി പിംപ്രി ചിഞ്ച്വാഡ് പോലീസ് കമ്മീഷണര്‍ അറിയിച്ചു. മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവുമായ ചന്ദ്രകാന്ത് പാട്ടീലിന് നേരെ അജ്ഞാതന്‍ മഷി എറിഞ്ഞതിന് തൊട്ടുപിന്നാലെ, സുരക്ഷാ വിശദാംശങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് പത്തോളം പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.
കാബിനറ്റ് മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ച 10 പോലീസുകാരെ പിംപ്രി ചിഞ്ച്വാഡ് പോലീസ് കമ്മീഷണര്‍ അങ്കുഷ് ഷിന്‍ഡെ സസ്‌പെന്‍ഡ് ചെയ്തു. ഇവരെല്ലാം മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷാ കവചത്തിന്റെ ഭാഗമായിരുന്നുവെന്ന് പിംപ്രി ചിഞ്ച്വാഡ് പോലീസ് കമ്മീഷണര്‍ അങ്കുഷ് ഷിന്‍ഡെ പറഞ്ഞു.
ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയവരെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയാക്രമണം നടന്നത്. മന്ത്രിയുടെ മുഖത്ത് മഷി എറിഞ്ഞ മൂന്ന് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ചിഞ്ച്വാഡിലാണ് സംഭവം. സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സ്‌കൂളുകള്‍ ആരംഭിക്കാന്‍ കര്‍മ്മവീര്‍ ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്നിവര്‍ ഭിക്ഷ യാചിച്ചെന്ന പരാമര്‍ശമാണ് മഷി പ്രയോഗത്തിന് കാരണം.
പിംപ്രി ചിഞ്ച്വാഡിലെ ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ ബിജെപി നേതാവിന്റെ അടുത്തേക്ക് നീല ഷര്‍ട്ട് ധരിച്ച ഒരാള്‍ നടന്നുപോകുന്നതും മഷി ആക്രമണം നടത്തുന്നതും പുറത്തുവന്ന വീഡിയോകളിലുണ്ട്. ചന്ദ്രകാന്ത് പാട്ടീലിന്റെ മുഖത്ത് പ്രതി കറുത്ത മഷി എറിയുന്നതാണ് വീഡിയോയിലുള്ളത്.
അതേസമയം, ചന്ദ്രകാന്ത് പാട്ടീലിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ”വളരെ ദുഃഖകരമായ സംഭവമാണിത്. ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കേണ്ടതായിരുന്നു. ഡോ. ബാബാ സാഹിബ് അംബേദ്കറോ ഡോ. കര്‍മ്മവീര്‍ ഭൗറാവു പാട്ടീലോ ഒരിക്കലും സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങി സ്ഥാപനങ്ങള്‍ നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം.”- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.