ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ തോൽവി, ബിജെപി ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്ത ‌രാജിവെച്ചു

0
57

ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ 15 വർഷം നീണ്ട ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്ത ‌രാജിവെച്ചു. ബിജെപിയുടെ കനത്ത തോൽവിയുടെ തുടർച്ചയായാണ് ഈ രാജി. 2020 ലാണ് ആദേശ് ഗുപ്ത ബിജെപി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ആദേശ് ഗുപ്തയുടെ രാജി കേന്ദ്രനേതൃത്വം അം​ഗീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്. ബിജെപിയുടെ വൻ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജി. അടുത്ത അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുവരെ വീരേന്ദ്ര സച്ച്ദേവയ്ക്കായിരിക്കും ദില്ലിയുടെ ചുമതല.

നേരത്തേ എംസിഡിയിലെ മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിച്ചിരുന്നത് ആദേശ് ഗുപ്തയ്ക്കായിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ആദേശ് ഗുപ്ത വ്യക്ത വരുത്തി. മേയ‍ർ സ്ഥാനവും ആപ്പിന് തന്നെയാണെന്നും ഇതോടെ വ്യക്തമായി. ബിജെപി എംസിഡിയിലെ പ്രതിപക്ഷമായി പ്രവർത്തിക്കും.

ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടിയിരുന്നു. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കെ ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻറെ ഭാവി പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം നൽകും. കെജ്രിവാളിൻറെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്രസർക്കാരിനു കീഴിലാക്കിയത് അതിനാലാണ്. എന്നാൽ സത്യേന്ദർ ജയിനിൻ്റെ ജയിൽ ദൃശ്യങ്ങൾ പ്രചാരണത്തിൽ ബിജെപി ആയുധമാക്കിയെങ്കിലും ബിജെപിക്ക് പരാജയമായിരുന്നു ഫലം.