Tuesday
23 December 2025
19.8 C
Kerala
HomeIndiaതാന്‍ തരണ്‍ പോലീസ് സ്‌റ്റേഷനു നേരെ 13 മാസത്തിനിടെ ഉണ്ടായത് 6 ആക്രമണം!

താന്‍ തരണ്‍ പോലീസ് സ്‌റ്റേഷനു നേരെ 13 മാസത്തിനിടെ ഉണ്ടായത് 6 ആക്രമണം!

കഴിഞ്ഞ 13 മാസത്തിനിടെ പോലീസിനും സൈനിക സ്ഥാപനങ്ങള്‍ക്കും നേരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണ പരമ്പരയിലെ ആറാമത്തെ ആക്രമണമാണ് പഞ്ചാബിലെ താന്‍ തരണിലെ സര്‍ഹലി കലന്‍ പോലീസ് സ്റ്റേഷന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായത്. ഈ വര്‍ഷം മെയ് 9 ന് മൊഹാലിയിലെ പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെ നടന്ന റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) ആക്രമണത്തിന് സമാനമാണ് ആക്രമണം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് റോക്കറ്റ് ലോഞ്ചര്‍ സ്റ്റേഷനില്‍ പതിക്കുന്നത്. നാഷണല്‍ ഹൈവേ 54ല്‍ നിന്നാണ് അജ്ഞാതരായ അക്രമകാരികള്‍ പോലീസ് സ്റ്റേഷന് നേരെ നിറയൊഴിച്ചത്. അക്രമത്തില്‍ അപകടങ്ങളും തകരാറും ഉണ്ടായിട്ടില്ല. ഖാലിസ്ഥാന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഖാലിസ്ഥാന്‍ തീവ്രവാദി റിന്‍ഡ കൊല്ലപ്പെട്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന് നേരെ അക്രമം ഉണ്ടായതെന്നും പോലീസിന് സംശയമുണ്ട്.

ഭീകരാക്രമണത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മുമ്പ് നടന്ന സമാനമായ അഞ്ച് ആക്രമണങ്ങള്‍ക്കും പിന്നില്‍ ഗുണ്ടാസംഘങ്ങളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

താന്‍ തരണിലെ പോലീസ് സ്റ്റേഷനുനേരെയുണ്ടായ ആക്രമണത്തില്‍ പാക് പങ്ക് തള്ളിക്കളയാനാകില്ലെന്ന് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച മിലിട്ടറി ഗ്രേഡ് ആയുധങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ വഴി കടത്തിയതാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുവരെ 12 പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റോക്കറ്റും റോക്കറ്റ് ലോഞ്ചറും പാകിസ്ഥാന്‍ വഴി കടത്തിയതാകാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു.

RELATED ARTICLES

Most Popular

Recent Comments