മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ 8 വയസുകാരന്‍ മരിച്ചു. ഡിസംബര്‍ 6 നാണ് തന്‍മയ് സാഹു എന്ന 8 വയസുകാരന്‍ 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. 65 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം കുട്ടിയെ ഇന്നലെ രാത്രിയായിരുന്നു പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം ബേട്ടുള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തുടനീളം കല്ലുകളുണ്ടായിരുന്നതാണ് നാല് ദിവസത്തിലേറെ നീണ്ടുനിന്ന പ്രവര്‍ത്തനം വൈകിപ്പിച്ചത്.
കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി മറ്റൊരു സ്ഥലത്തേക്ക് പോയപ്പോള്‍ തുറന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുട്ടയെ പുറത്തെടുക്കാന്‍ സമാന്തര തുരങ്കം ഉള്‍പ്പെടെ നിര്‍മ്മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
‘ഞങ്ങള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. അവന്‍ ശ്വസിക്കുന്നുണ്ടായിരുന്നു, ഞങ്ങള്‍ ശബ്ദം കേട്ടിരുന്നു. ഡിസംബര്‍ 6 ന് വൈകുന്നേരം 6 മണി മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു,’ കുട്ടിയുടെ പിതാവ് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഹോം ഗാര്‍ഡ്, ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും കഴിഞ്ഞ നാല് ദിവസമായി രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടായിരുന്നു.