അഴിമതിക്കെതിരെ ലോകത്തെ ഒന്നിപ്പിക്കാം; ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

0
96

എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യക്തിപരമായ സംതൃപ്തി നേടുന്നതിനുമായി പൊതു സ്ഥാനങ്ങളോ അധികാരമോ ദുരുപയോഗം ചെയ്യുന്ന പ്രവൃത്തിയായി അഴിമതിയെ നിര്‍വചിക്കാം. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഈ അര്‍ബുദത്തെ തുടച്ചുനീക്കാനായി ജനകീയ ഐക്യം ഉയര്‍ന്നുവരേണ്ടതുണ്ട്.

ചരിത്രം..

2003-ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ കണ്‍വെന്‍ഷനിലാണ് അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. അഴിമതിയ്ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ ഒമ്പതിനെ തിരഞ്ഞെടുത്തു. അഴിമതി വളരെ ഗൗരവകരമായ ഒരു കുറ്റകൃത്യമാണെന്നും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വലിയ വിപത്താണെന്നും കണ്‍വെഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2003 ഒക്ടോബര്‍ 31-ന് അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു. 2005 ഡിസംബറില്‍ കണ്‍വെന്‍ഷന്‍ നിലവില്‍ വന്നു.

ഇത്തവണത്തെ പ്രമേയം

‘അഴിമതിക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിന്റെ പ്രമേയം. ‘2022 ലെ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം (ഐഎസിഡി) അഴിമതി വിരുദ്ധതയും സമാധാനവും സുരക്ഷയും വികസനവും തമ്മിലുള്ള നിര്‍ണായക ബന്ധം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഈ കുറ്റകൃത്യം കൈകാര്യം ചെയ്യുന്നത് എല്ലാവരുടെയും അവകാശവും ഉത്തരവാദിത്തവുമാണെന്നും, ഓരോ വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും മാത്രമേ ഈ കുറ്റകൃത്യത്തിന്റെ പ്രതികൂല ആഘാതത്തെ മറികടക്കാന്‍ കഴിയൂ എന്ന ആശയമാണ് അതിന്റെ കാതലായത്. അഴിമതിക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, മാധ്യമ പ്രതിനിധികള്‍, സ്വകാര്യ മേഖല, സിവില്‍ സമൂഹം, അക്കാദമിക്, പൊതുജനങ്ങള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കെല്ലാം പങ്കുണ്ട്’, പ്രസ്താവനയില്‍ പറയുന്നു.

സമൂഹത്തില്‍ തുല്യതയും നീതിയും ഉറപ്പാക്കാന്‍ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അഴിമതി നടത്തി പണം സമ്പാദിക്കുന്നത് സാമൂഹികവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകണം. അസമത്വം വര്‍ധിപ്പിക്കുന്ന, മനുഷ്യത്വപരമായ ഇടപെടലുകളിലേക്ക് നയിക്കുന്ന നീതി നിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി എല്ലാ തരം അഴിമതികളെയും കാണേണ്ടതുണ്ട്. താഴേ തട്ടില്‍ മുതല്‍ ഭരണകൂടത്തിന്റെ തലപ്പത്ത് വരെ നീളുന്ന അഴിമതിക്കഥകള്‍ നമുക്ക് പുതുമയല്ല. എന്നാല്‍ തെറ്റിനെതിരായ ജാഗ്രതയും ചോദ്യം ചെയ്യപ്പെടാനുള്ള കരുത്തും അഴിമതിയെന്ന വിപത്തിന് വെല്ലുവിളിയായേക്കാം..അത്തരത്തില്‍ ചെറിയ പോരാട്ടങ്ങള്‍ക്ക് തുടക്കമിടണമെന്ന് ഓര്‍മ്മപ്പെടുത്തലാകട്ടെ ഈ ദിനം നല്‍കുന്നത്.