തൃശൂരില്‍ ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിവേട്ട; എഎപി നേതാവിനെതിരെ കേസ്

0
68

തൃശൂർ ചേലക്കരയിൽ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവിന്റെ പേരില്‍ വനംവകുപ്പ് കേസെടുത്തു. വെങ്ങാനെല്ലൂര്‍ പൂനാട്ട് പിജെ മാത്യുവിന്റെ പേരിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽപ്പോയി. എഎപി സ്ഥാനാര്‍ഥിയായി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് പിജെ മാത്യു.

മായന്നൂര്‍ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. മേപ്പാടം മേലാംകോല്‍ പ്രദേശത്ത് കൃഷിയിടത്തോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍നിന്ന് കഷണങ്ങളാക്കിയ നിലയില്‍ കാട്ടുപന്നിയിറച്ചിയും, കെണിക്കായൊരുക്കിയ കമ്പികളും മറ്റ് സാധനസാമഗ്രികളും കണ്ടെടുത്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടൻ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പിജെ മാത്യുവിന്റെ പേരില്‍ വൈദ്യുതി മോഷണത്തിനും കേസെടുത്തിട്ടുണ്ട്. അനധികൃതമായി ലൈനില്‍ നിന്ന് വൈദ്യുതിയെടുത്തതിനാണ് കേസ്. അതിനോടൊപ്പം നിലവിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്‌തിട്ടുണ്ട്.