ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു

0
75

രാജ്യത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാലാണ് നിർത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

2022-23 അധ്യയന വർഷം മുതൽ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പും കേന്ദ്രം അടുത്തിടെ നിർത്തിയിരുന്നു. നിലവിൽ എംഎഎൻഎഫ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ കേന്ദ്രത്തിന്റെ തീരുമാനം ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന്​ ടി എൻ പ്രതാപൻ പറഞ്ഞു. വിഷയം വരും ദിവസങ്ങളിലും പാർലമെന്റിൽ ഉന്നയിക്കുമെന്നും എം പി വ്യക്​തമാക്കി.

‘യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ആണ് മൗലാനാ ആസാദ് സ്‌കോളർഷിപ്പ് (എംഎഎൻഎഫ്) സ്കീം നടപ്പിലാക്കിയത്. യുജിസി നൽകിയ ഡാറ്റ പ്രകാരം 2014-15 നും 2021-22 നും ഇടയിൽ 6,722 ഉദ്യോഗാർത്ഥികളെ സ്കീമിന് കീഴിൽ തെരഞ്ഞെടുത്തു, കൂടാതെ 738.85 കോടി രൂപയുടെ ഫെലോഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. ഗവൺമെന്റ് നടപ്പിലാക്കുന്ന ഉന്നതവിദ്യാഭ്യാസത്തിനായുള്ള മറ്റ് വിവിധ ഫെലോഷിപ്പ് സ്കീമുകളുളളതിനാൽ , ന്യൂനപക്ഷ വിദ്യാർത്ഥികൾ ഇതിനകം തന്നെ അത്തരം സ്കീമുകൾക്ക് കീഴിൽ വരുന്നതിനാലും 2022-23 മുതൽ എംഎഎൻഎഫ് സ്കീം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു,” സ്മൃതി ഇറാനി പറഞ്ഞു.