തോക്കിന്‍ മുനയില്‍ ഇറാന്‍ പൊലീസ് ലക്ഷ്യമിടുന്നത് സ്ത്രീകളുടെ ലൈംഗികാവയവങ്ങള്‍; വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

0
67

മഹ്‌സ അമീനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങള്‍ ഇറാനില്‍ തുടരുകയാണ്. രാജ്യത്തെ മത പൊലീസ് സംവിധാനം നിര്‍ത്തലാക്കിയെന്ന് പ്രഖ്യാപിച്ചിട്ടും പ്രതിഷേധവും പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ ക്രൂരതയും ഇനിയും അവസാനിച്ചിട്ടില്ല.

ഇറാനില്‍ പൊലീസിന്റെ അതിക്രമങ്ങള്‍ക്കിരയായവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വെറുതെ വെടിവയ്ക്കുകയോ ആക്രമിക്കുകയോ അല്ല ഇറാന്‍ പൊലീസ് ചെയ്യുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍മാരെ പോലും ഞെട്ടിക്കുന്ന മുറിവുകളാണ് പൊലീസ് പ്രതിഷേധിക്കുന്ന ജനതയ്ക്ക് സമ്മാനിക്കുന്നതെന്ന് ഡോക്ടര്‍മാരുമായി നടത്തിയ അഭിമുഖത്തെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റും തുടര്‍ നിയമനടപടികളും ഒഴിവാക്കാന്‍ ഇറാന്‍ പൊലീസിന്റെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ രഹസ്യ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കാലുകള്‍ക്കും മുതുകിനുമാണ് പുരുഷന്മാര്‍ക്ക് കൂടുതലായി വെടിയേല്‍ക്കുന്നതെങ്കില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ വെടിയേല്‍ക്കുന്നത് കണ്ണുകള്‍ക്കാണെന്ന് ഈ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പരുക്കേറ്റവരില്‍ നൂറുകണക്കിനാളുകള്‍ക്ക് ജീവിതകാലം മുഴുവന്‍ ബാധിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധരുമായി അഭിമുഖം നടത്തിയ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ’20 വയസിനടുത്ത് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ ചികിത്സിച്ചിരുന്നു. അവളും പ്രതിഷേധത്തില്‍ പങ്കെടുത്തതിന് മര്‍ദനത്തിനിരയായവളാണ്. അവളുടെ ജനനേന്ദ്രിയത്തില്‍ മാത്രം തുളച്ചുകയറിയത് രണ്ട് പെല്ലറ്റുകളാണ്. തുടയിടുക്കില്‍ ഒന്നിലധികം തവണ വെടിയേറ്റു. ഈ 10 പെല്ലറ്റുകള്‍ പുറത്തെടുക്കുന്നത് കഠിനമായിരുന്നില്ല. പക്ഷേ രണ്ടെണ്ണം അവളുടെ മൂത്രനാളിക്കും യോനിഭാഗത്തും ഗുരുതരമായി ബാധിക്കുന്നതായിരുന്നു…’. ഡോക്ടര്‍ പറഞ്ഞു..

സ്ത്രീകളുടെ ലൈംഗികാവയവങ്ങളെ ലക്ഷ്യമിട്ട് സുരക്ഷാ സേന വെടിയുതിര്‍ക്കുകയാണെന്ന് ടെഹ്റാനടുത്തുള്ള കരാജില്‍ നിന്നുള്ള മറ്റൊരു ഡോക്ടറും അഭിമുഖത്തില്‍ വെളിപ്പെടുത്തി. അതേസമയം പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടയാള്‍ക്ക് ആദ്യത്തെ വധശിക്ഷ ടെഹ്‌റാന്‍ ഭരണകൂടം നടപ്പിലാക്കി.