ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ വധശിക്ഷ; പ്രതിഷേധക്കാരനെ തൂക്കിലേറ്റി

0
110

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാരനെ തൂക്കിലേറ്റി. സുരക്ഷാ ഉദ്യോഗസ്ഥനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും തെരുവില്‍ പ്രതിഷേധിക്കുകയും ചെയ്ത കുറ്റത്തിനായിരുന്നു വധശിക്ഷ. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ അടുത്തിടെ നടത്തിയ ആദ്യ വധശിക്ഷയാണിതെന്ന് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം പറഞ്ഞു. മൊഹ്സെന്‍ ശേഖരി എന്നയാളെയാണ് തൂക്കിലേറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

1979-ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിന് ശേഷം സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ശക്തമായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം. സെപ്റ്റംബര്‍ 16-ന് 22 കാരിയായ കുര്‍ദിഷ് ഇറാനിയന്‍ വനിത മഹ്സ അമിനിയുടെ മരണത്തിന് ശേഷമാണ് രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

‘രാജ്യത്തിന്റെയും ഇസ്ലാമിന്റെയും സുരക്ഷയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍’ ആരോപിക്കപ്പെടുന്നവര്‍ക്കെതിരെ വേഗത്തില്‍ കടുത്ത ശിക്ഷ വിധി പുറപ്പെടുവിക്കാന്‍ ജുഡീഷ്യറിക്ക് മേലും സമ്മര്‍ദ്ദമുണ്ട്. വലത് കവിളില്‍ മര്‍ദ്ദനമേറ്റ പാടോടെ പ്രത്യക്ഷപ്പെട്ട ശേഖരിയുടെ കുറ്റസമ്മത മൊഴിയുടെ വീഡിയോ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. സുരക്ഷാഉദ്യോഗസ്ഥനെ കത്തികൊണ്ട് ആക്രമിച്ചതായും ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് റോഡ് തടഞ്ഞതായും കുറ്റസമ്മത വീഡിയോയില്‍ പറയുന്നു. അതേസമയം ശേഖരിയെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിച്ചതായി പ്രതിഷേധക്കാരുടെ സംഘടനകള്‍ പറഞ്ഞു.

വധശിക്ഷയ്‌ക്കെതിരെ ലോകത്തിന്റെ പലകോണുകളില്‍ നിന്നും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സ്വന്തം ജനങ്ങള്‍ക്കെതിരെ ഇറാന്‍ ഭരണകൂടം നടത്തുന്ന നീചമായ അക്രമങ്ങള്‍ക്കെതിരെ ലോകത്തിന് കണ്ണടയ്ക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി ട്വിറ്ററില്‍ പറഞ്ഞു. ജര്‍മ്മനിയും വധശിക്ഷയെ അപലപിച്ചു. ‘മനുഷ്യത്വത്തോടുള്ള ഇറാന്‍ ഭരണകൂടത്തിന്റെ അവഹേളനത്തിന് അതിരുകളില്ല,’ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. എന്നാല്‍ വധശിക്ഷയെന്ന ഭീഷണി സ്വാതന്ത്ര്യത്തിനായുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തടയില്ലെന്നും അന്നലീന കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ അധികാരികള്‍ കുറഞ്ഞത് 21 പേര്‍ക്കെങ്കിലും വധശിക്ഷ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ‘ഇറാനെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ ഭയപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്ത വ്യാജ പരീക്ഷണമാണിത്. ഇറാന്‍ അധികാരികള്‍ ഉടന്‍ തന്നെ എല്ലാ വധശിക്ഷകളും റദ്ദാക്കണം. വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം, പ്രതിഷേധങ്ങളില്‍ സമാധാനപരമായി പങ്കെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരായ എല്ലാ കുറ്റങ്ങളും പിന്‍വലിക്കണം,’ സംഘടന ആവശ്യപ്പെട്ടു. അതേസമയം അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ ശത്രുക്കളാണ് രാജ്യത്തെ അശാന്തിക്ക് കാരണമെന്ന് ഇറാന്‍ ആരോപിച്ചു.