യൂട്യൂബ് കാരണം പരീക്ഷയിൽ തോറ്റെന്ന് ആരോപണം, 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് പിഴ

0
65

പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ ശാസന. കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴയും ചുമത്തി. യൂട്യൂബിൽ അശ്ലീല പരസ്യങ്ങൾ വരുന്നുണ്ടെന്നും ഇതുമൂലം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച് ഒരു യുവാവ് സർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

മധ്യപ്രദേശ് പൊലീസ് പരീക്ഷയിൽ പരാജയപ്പെട്ടത്തിന് പിന്നാലെ ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് യൂട്യുബിനെതിരെ ഹർജിയുമായി എത്തിയത്. പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ചായിരുന്നു ഹർജി. 75 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട യുവാവ് ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്.

യൂട്യൂബ് കാണണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. പരീക്ഷയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ യൂട്യൂബ് കാണരുത്. പരസ്യം കാണാൻ താൽപ്പര്യമില്ലെങ്കിൽ അത് കാണരുതെന്ന് പറഞ്ഞ കോടതി ഇത് ഏറ്റവും മോശം ഹർജികളിൽ ഒന്നാണെന്നും കോടതിയുടെ സമയം നശിപ്പിക്കാൻ മാത്രമാണ് ഇത്തരമൊരു ഹർജി ഫയൽ ചെയ്യുന്നതെന്നും വിമർശിച്ചു. ഇതിന് പിന്നാലെയാണ് ഹരജിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തിയത്.