വാക്കുപാലിച്ച് സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ചു

0
59

ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമിയാണ് കൈമാറുക. ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

140 ദിവസം പിന്നിട്ട സമരം ഒത്തു തീർപ്പായ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ പുനരരാരംഭിക്കും. സമരം തീർപ്പായ സാഹചര്യത്തിൽ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയിൽ നിന്നും ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകും. പകരം നിർമ്മാണം തീർക്കാൻ സമയ പരിധി സർക്കാരിന് നീട്ടി കൊടുക്കേണ്ടി വരും. കരാർ കാലാവധി തീർന്ന സാഹചര്യത്തിൽ അദാനിയിൽ നിന്നും ആർബിട്രേഷൻ ഇനത്തിൽ നഷ്ട പരിഹാരം ഈടാക്കാനുള്ള സർക്കാർ ശ്രമവും ഉപേക്ഷിച്ചേക്കും.

അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും ഹർജിക്കാർ കോടതി അറിയിച്ചിരുന്നു.തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിർമ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേനസുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്.