Friday
19 December 2025
28.8 C
Kerala
HomeEntertainment27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും.

യാത്രാ നിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍:
ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 ഓളം പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍ നിന്നുള്ള ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന്‍ എഫ്.ഡബ്‌ള്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്
തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്‌റേഡര്‍, സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യന്‍ എന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫര്‍ പനാഹി, ഫത്തി അകിന്‍, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ദുക്കിന്റെ അവസാനചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.

പുരസ്‌കാരങ്ങള്‍, ജൂറി:
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

ജര്‍മ്മന്‍ സംവിധായകന്‍ വീറ്റ് ഹെല്‍മര്‍ ചെയര്‍മാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ജര്‍മ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്‌ഹോണ്‍ ചെയര്‍പേഴ്‌സണ്‍ ആയ ജൂറി ഫിപ്രസ്‌കി അവാര്‍ഡുകളും ഇന്ദു ശ്രീകെന്ത് ചെയര്‍പേഴ്‌സണ്‍ ആയ ജൂറി നെറ്റ്പാക് അവാര്‍ഡുകളും എന്‍. മനു ചക്രവര്‍ത്തി ചെയര്‍മാന്‍ ആയ ജൂറി എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും നിര്‍ണയിക്കും.

അനുബന്ധ പരിപാടികള്‍:
മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘനിമിഷം’, സത്യന്റെ 110ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘സത്യന്‍ സ്മൃതി’ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം, മാസ്റ്റര്‍ ക്‌ളാസ്, ചലച്ചിത്ര നിര്‍മ്മാണം, വിതരണം, സാങ്കേതികത എന്നിവയുടെ ഭാവി സംബന്ധിച്ച പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കും.

മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി 8.30ന് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മുന്‍നിര മ്യൂസിക് ബാന്‍ഡുകളുടെ സംഗീതപരിപാടി, ഗസല്‍ സന്ധ്യ, ഫോക് ഗാനങ്ങള്‍, കിഷോര്‍ കുമാറിനും ലതാ മങ്കേഷ്‌കറിനുമുള്ള സംഗീതാര്‍ച്ചന എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments