ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ 182 സീറ്റുകളിലേക്കും ഹിമാചലില്‍ 68 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും ബി ജെ പി ഭരണത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടികള്‍ തിരിച്ചടി നേരിടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ഗുജറാത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കടുത്ത നിരാശയിലാണ് ആം ആദ്മി. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും അധികാരത്തിലെത്താമെന്ന പ്രതീകഷയിലാണ് ബി ജെ പി. ഹിമാചലില്‍ ആദ്യമായി തുടര്‍ഭരണവും ബി ജെ പി പ്രതീക്ഷിക്കുന്നു.
ഗുജറാത്തില്‍ 182 ഒബ്സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുക. ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ് മെയിന്‍പുരി ലോക്സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭമണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി സീറ്റില്‍ അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് എസ് പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത്. യുപിയിലെ രാംപൂര്‍,ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലുമാണ്
ഉപതെരഞ്ഞെടുപ്പ് നടന്നത്.