ഇന്ന് പേൾ ഹാർബർ ആക്രമണത്തിന്റെ എൺപത്തിയൊന്നാം വാർഷികം

0
97

ഇന്ന് രണ്ടാംലോക മഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ച പേൾ ഹാർബർ ആക്രമണത്തിന്റെ എൺപത്തിയൊന്നാം വാർഷികം. 1941 ഡിസംബർ ഏഴിനാണ് അമേരിക്കൻ ഐക്യനാടുകളുടെ നാവികത്താവളമായിരുന്ന പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത്. ജപ്പാനെതിരായ അമേരിക്കയുടെ എല്ലാ തരത്തിലുമുള്ള സൈനിക മുന്നേറ്റം തകർക്കനാണ് 1941 ഡിസംബർ ഏഴിന് പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളം ജപ്പാൻ ആക്രമിക്കാൻ പദ്ധതിയിടുന്നത്.

അന്ന് രാവിലെ 7.55 ന് ജാപ്പനീസ് വിമാനങ്ങൾ ഹവായ് ദ്വീപിലുള്ള തുറമുഖം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആ സംഭവത്തിൽ ആകെ 9 കപ്പലുകളാണ് മുങ്ങിയത്. 21 കപ്പലുകൾ സാരമായി തകർന്നു. 2402 പേർ ചാരമായി മാറി. 1282 പേർക്ക് പരുക്കേറ്റു. ജപ്പാനും അന്ന് 29 വിമാനങ്ങൾ നഷ്ടമായി.

സൈനികശേഷിയിലുണ്ടായ നഷ്ടത്തേക്കാൾ അമേരിക്കയുടെ ആത്മവിശ്വാസത്തിന് കിട്ടിയ കനത്ത പ്രഹരമായിരുന്നു പേൾ ഹാർബർ.അമേരിക്കയെ യുദ്ധരംഗത്ത് നിന്ന് മാറ്റിനിർത്താനും വിറപ്പിച്ച് നിർത്താനും വേണ്ടി തയ്യാറാക്കിയ പദ്ധതി തിരിച്ചടിച്ചു. പേൾ ഹാർബർ ആക്രമണത്തോടെ അമേരിക്ക യുദ്ധരംഗത്തെത്തി.

ഡിസംബർ എട്ടിന് അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനം 1945 ഓഗസ്റ്റ് ആറ്, ഒമ്പത് തീയതികളിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടുന്നതിന് അമേരിക്കയെ പ്രേരിപ്പിച്ചതിൽ പേൾ ഹാർബർ ആക്രമണത്തിന് വലിയ പങ്കുണ്ട്.