പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി

0
88

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സർക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്‌താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ വികസനരംഗത്ത് നിർണ്ണായകമായ കാൽവയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തികവളർച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തലസൗകര്യ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ അവ മാനുഷികമുഖത്തോടെയാകണമെന്ന കാര്യത്തിലും സർക്കാരിന് നിഷ്‌ക്കർഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക- വാണിജ്യ രംഗങ്ങളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാൻ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനുള്ള അനുയോജ്യതയുമാണ് ഈ തുറമുഖ പദ്ധതിയെ അനന്യമാക്കുന്നത്. വിഴിഞ്ഞം തീരത്തുനിന്നും 10 നോട്ടിക്കൽ മൈൽ അകലത്തിലൂടെയാണ് അന്താരാഷ്ട്ര കപ്പൽ പാത കടന്നുപോകുന്നത്. തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ പ്രകൃതിദത്ത ആഴം ഉണ്ട് എന്നുള്ളത് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. ചരിത്രപരമായിത്തന്നെ, അന്താരാഷ്ട്ര പ്രസിദ്ധി ലഭിച്ച തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.

വിഴിഞ്ഞം തുറമുഖനിർമ്മാണം 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഈ ഘട്ടത്തിൽ ചില കോണുകളിൽ നിന്നും ആശങ്കകൾ ഉയർന്നുവരികയും തുറമുഖ പ്രദേശത്ത് ആഗസ്റ്റ് 16 മുതൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയുമുണ്ടായി. സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇതിൽ തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആവശ്യങ്ങളെക്കുറിച്ച് സമരസമിതിയുമായി തുറന്ന മനസ്സോടെ സർക്കാർ പലവട്ടം ചർച്ചകൾ നടത്തി. ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. ആഗസ്റ്റ് 19 മുതൽ ഈ മന്ത്രിസഭാ ഉപസമിതി സമരസമിതി നേതാക്കളുമായി വിവിധ തീയതികളിൽ പലവട്ടം ചർച്ചകൾ നടത്തി. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും സംബന്ധിച്ച് ഉപസമിതിയുമായുള്ള ചർച്ചയിൽത്തന്നെ ധാരണയായിരുന്നു. സമരം അവസാനിക്കാത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി തലത്തിലും തുടർചർച്ചകൾ നടക്കുകയുണ്ടായി.

ചില ഘട്ടങ്ങളിൽ സമരം അക്രമാസക്തമാകുന്ന ദൗർഭാഗ്യകരമാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ക്രമസമാധാനപാലനത്തിനായി വിന്യസിക്കപ്പെട്ട സംസ്ഥാന പോലീസ് സേന തികഞ്ഞ സംയമനത്തോടെയാണ് ഈ സ്ഥിതിവിശേഷത്തെ നേരിട്ടത്. അനിഷ്ടസംഭവങ്ങൾ നിയന്ത്രണാതീതമായി പോകാതിരിക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ സമീപനം ഏറെ സഹായകമായി. സമരസമിതിയുമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ അവർ ഉന്നയിച്ച ആവശ്യങ്ങൾക്കുള്ള പരിഹാര നിർദ്ദേശങ്ങളിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുകയും അവ നടപ്പാക്കിവരികയുമാണ്. സമരസമിതി ഉയർത്തിയ പ്രധാന ആവശ്യങ്ങൾക്കു മേൽ ഡിസംബർ ആറിന് നടത്തിയ ഉന്നതതല ചർച്ചകളിൽ തീരുമാനമാവുകയും സമരം അവസാനിപ്പിക്കാൻ സമരസമിതി തയ്യാറാവുകയുമുണ്ടായി. തീരുമാനങ്ങളുടെ വിശദാംശങ്ങൾ ഈ സഭയെ അറിയിക്കുകയാണ്.

വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുവാനായി 03.11.2020 ലെ സർക്കാർ ഉത്തരവ് പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കുന്നതാണ്. ഫ്‌ളാറ്റുകളുടെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാൻസായി നൽകും. 01.09.2022 ലെ സർക്കാർ ഉത്തരവു പ്രകാരം 5,500 രൂപ പ്രതിമാസം വാടക ഇനത്തിൽ നൽകുന്നതാണ്. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും, വീടിന്റെ ആകെ വിസ്തീർണ്ണം 635 Sq.Ft. (550 Sq.Ft. Built up space + 85 Sq. Ft. common space for each unit) അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്യുന്നതാണ്. ഇതു കൂടാതെ, വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി ഒരു സ്ഥലം ഒരുക്കും.

തീരശോഷണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചർച്ച നടത്തുന്നതാണ്. തുറമുഖ പ്രവർത്തനം തുടരുന്നതാണ്. നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകൾ ഡീസൽ, പെട്രോൾ, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നൽകും. കേരള തീരത്ത് മത്സ്യബന്ധനം നടത്തരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം പുറപ്പെടുവിക്കുന്ന തീയതികളിൽ തൊഴിൽനഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക്, മേൽ നിർദ്ദേശം നിലനിൽക്കുന്ന തീയതികളുടെ എണ്ണം കണക്കാക്കി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം A (1)(e) അനുസരിച്ച് തൊഴിൽ നഷ്ടപരിഹാരം നൽകുവാൻ നടപടി സ്വീകരിക്കും. അതു കൂടാതെ, ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയിൽ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ളപക്ഷം അവരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി / അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി തുടങ്ങിയ തൊഴിൽദാന പദ്ധതികളിൽ ഉൾപ്പെടുത്തും.

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ പൂനെ സെൻട്രൽ വാട്ടർ & പവർ റിസർച്ച് സ്റ്റേഷനു (CWPRS)മായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചർച്ച സംഘടിപ്പിച്ച് തുടർനടപടികൾ സ്വീകരിക്കും. ഈ സമരം രമ്യമായി അവസാനിപ്പിക്കാൻ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ കർദ്ദിനാൾ മാർബസേലിയോസ് ക്ലിമ്മിസ് ബാവ തീരുമേനി എടുത്ത മുൻകൈയും ഇടപെടലും പ്രത്യേകം പരാമർശം അർഹിക്കുന്നു. ആപത്ഘട്ടങ്ങളിൽ ജനസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തംജീവൻ പണയപ്പെടുത്തി രംഗത്തുവന്നിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിർമ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

പദ്ധതി സംബന്ധിച്ച് ഉയർന്നുവന്ന ആശങ്കകളെ അർഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ പദ്ധതിയോടുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.