കശ്‌മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെയെന്ന് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ

0
69

കശ്‌മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെയെന്ന് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ. ഐഎഫ്എഫ്ഐ ജൂറി ചെയർമാനും ഇസ്രയേൽ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിൻ്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് ജിനോ ഗോട്ടോ, പാസ്കൽ ചാവൻസ്, ജാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കിയത്. ലാപിഡ് പറഞ്ഞത് മുഴുവൻ ജൂറി അംഗങ്ങളുടെയും തീരുമാനമാണെന്ന് ട്വിറ്ററിലൂടെ ഇവർ വിശദീകരിച്ചു.

ഉള്ളടക്കത്തെപ്പറ്റിയുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയല്ല ഞങ്ങൾ ചെയ്തത്. ഞങ്ങൾ കലാപരമായ പ്രസ്താവന നടത്തുകയായിരുന്നു. ചലച്ചിത്രോത്സവ വേദി രാഷ്ട്രീയത്തിനും ലാപിഡിനെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്താനും ഉപയോഗിക്കുന്നതിൽ വിഷമമുണ്ട്.”- പ്രസ്താവനയിൽ ജൂറി അംഗങ്ങൾ വ്യക്തമാക്കി.

ജൂറിയിലെ ഏക ഇന്ത്യക്കാരനായിരുന്ന സുദീപ്തോ സെൻ നേരത്തെ ഇതിനു വിപരീതമായ പ്രസ്താവന നടത്തിയിരുന്നു. ലാപിഡ് വ്യക്തിപരമായി നടത്തിയ പ്രസ്താവനയനാണ് ഇതെന്നും ജൂറി അംഗങ്ങൾ ചേർന്നെടുത്ത തീരുമാനമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തിരുത്തുന്നതാണ് ജൂറി അംഗങ്ങളുടെ സംയുക്ത പ്രസ്തവന.

ദി കശ്മീർ ഫയൽസ് അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂറിയെ ഞെട്ടിച്ചെന്നും അസ്വസ്ഥരാക്കിയെന്നുമായിരുന്നു ജൂറി ചെയർമാൻ നദാവ് ലാപിഡിന്റെ പരാമർശം. ഇക്കാര്യം സമാപന ചടങ്ങിൽ അദ്ദേഹം തുറന്ന് പറഞ്ഞതോടെ വലിയ വിവാദമായി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു പരസ്യ വിമർശനം.

രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നതോടെ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് മുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ വ്യക്തമാക്കി. ദി കശ്മീർ ഫയൽസിലൂടെ പ്രേക്ഷകർക്ക് കാണിച്ചുതരുന്നത് ഇന്ത്യയിലെ ഒരു ‘തുറന്ന മുറിവ്’ ആണ്. ഈ സംഭവങ്ങൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത പലരും ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

വിവാദങ്ങൾക്ക് പിന്നാലെ നാദവ് ലപിഡ് പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. പരാമർശം ആരേയും അപമാനിക്കാൻ ആയിരുന്നില്ലെന്ന് നദാവ് ലാപിഡ് പറഞ്ഞു. തന്റെ വാക്കുകൾക്ക് പിന്നീടുണ്ടായ വ്യാഖ്യാനങ്ങളിൽ ഖേദമുണ്ട്. ബുദ്ധിമുട്ട് അനുഭവിച്ച മനുഷ്യരേയോ അവരുടെ ബന്ധുക്കളേയോ അപമാനിക്കാൻ വേണ്ടിയായിരുന്നില്ല സിനിമയ്‌ക്കെതിരായ പരാമർശം എന്നും അദ്ദേഹം പറഞ്ഞിരുന്നു.