അങ്കിത ഭണ്ഡാരി വധക്കേസ്: എല്ലാ പ്രതികളെയും നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കും

0
34

ഉത്തരാഖണ്ഡിലെ റിസോർട്ട് റിസപ്ഷനിസ്റ്റായ 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ പ്രതികളെ നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കും. കേസിൽ പ്രതികളായ മൂന്ന് പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ കോടതി അംഗീകരിച്ചാലുടൻ നാർക്കോ ടെസ്റ്റ് നടത്തും.

കൊലപാതക കേസിന്റെ കുറ്റപത്രം നാർക്കോ ടെസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കും. തെളിവുകൾ ശക്തമാക്കുന്നതിനും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിനുമായി നാർക്കോ ടെസ്റ്റുകൾ നടത്തുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.

അങ്കിത ഭണ്ഡാരി വധക്കേസ്

ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ റിസോർട്ട് ഉടമയും രണ്ട് കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ആരോപണം. റിസോർട്ട് ഉടമ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബർ 18ന് ഭണ്ഡാരിയെ ചില്ല കനാലിലേക്ക് തള്ളിയിട്ടെന്നും സെപ്റ്റംബർ 24ന് മൃതദേഹം കണ്ടെത്തിയെന്നും പ്രതികൾ പറഞ്ഞിരുന്നു. മുൻ ഭാരതീയ ജനതാ പാർട്ടി നേതാവ് വിനോദ് ആര്യയുടെ മകനാണ് മുഖ്യപ്രതി പുൽകിത് ആര്യ.