ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി ന്യൂയോര്‍ക്കിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എട്ട് തവണ പട്ടികയില്‍ ഒന്നാമതെത്തിയ സിംഗപ്പൂരിനൊപ്പം ന്യൂയോര്‍ക്ക് ആദ്യ സ്ഥാനം പങ്കിടും. ഓസ്ട്രേലിയയിലെ സിഡ്നിയും ആദ്യ പത്തില്‍ ഇടം നേടി. പ്രധാന നഗരങ്ങളിലുടനീളമുള്ള കുതിച്ചുയരുന്ന ഊര്‍ജ്ജ വിലയും പണപ്പെരുപ്പവുമാണ് ന്യൂയോര്‍ക്കിനെ ചെലവേറിയ നഗരമാക്കി മാറ്റിയതെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ വാര്‍ഷിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.
2021-ല്‍ സിംഗപ്പൂര്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായിരുന്നു. ഈ വര്‍ഷമാണ് ബിഗ് ആപ്പിള്‍ എന്നറിയപ്പെടുന്ന ന്യൂയോര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്തുന്നതെന്ന് സര്‍വേ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സിഡ്നി ആദ്യ പത്തില്‍ ഇടംപിടിച്ചപ്പോള്‍ റഷ്യയിലെ മോസ്‌കോയും സെന്റ് പീറ്റേഴ്സ്ബര്‍ഗും റാങ്കിംഗില്‍ 88 സ്ഥാനങ്ങള്‍ കയറി. അതേസമയം ടെല്‍ അവീവ് മൂന്നാം സ്ഥാനത്തേക്ക് വീണു.
ഗ്യാസ് വിലയും പണപ്പെരുപ്പ നിരക്കും കൂടാതെ കറന്‍സി നിരക്കും നഗരങ്ങളെ റാങ്കിംഗില്‍ ഉയര്‍ത്തുന്ന ഒരു ഘടകമായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 172 നഗരങ്ങളുടെ റാങ്കിംഗില്‍ അറ്റ്‌ലാന്റ 42-ല്‍ നിന്ന് 46-ാം സ്ഥാനത്തെത്തി. പട്ടികയിലെ മുന്‍നിരക്കാരായ എട്ട് നഗരങ്ങളില്‍ ആറും യുഎസില്‍ നിന്നാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുകയും വരാനിരിക്കുന്ന കൂടുതല്‍ വര്‍ദ്ധനവിന്റെ സൂചന നല്‍കുകയും ചെയ്തതോടെ മിക്കവാറും എല്ലാ കറന്‍സികള്‍ക്കെതിരെയും യുഎസ് ഡോളര്‍ കുത്തനെ ശക്തിപ്പെട്ടിരുന്നു.
കറന്‍സി ഇടിഞ്ഞ രാജ്യങ്ങളിലെ നഗരങ്ങള്‍ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ജപ്പാനിലെ ടോക്കിയോ പട്ടികയില്‍ 37ാം സ്ഥാനത്തും ഒസാക്ക 43ാം സ്ഥാനത്തേക്കും വീണു. 2021ല്‍ ഈ നഗരങ്ങള്‍ യഥാക്രമം 13, 10 സ്ഥാനങ്ങളിലായിരുന്നു. സ്റ്റോക്ക്‌ഹോമും ലക്‌സംബര്‍ഗും യഥാക്രമം 38 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 99-ാം സ്ഥാനത്തും 104-ാം സ്ഥാനത്തും എത്തി. സിറിയയിലെ ഡമാസ്‌കസും ലിബിയയിലെ ട്രിപ്പോളിയും സര്‍വേയില്‍ പങ്കെടുത്ത ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളായി മാറി.