മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശദൗത്യമായ ആർട്ടെമിസ്-1 ഓറിയോൺ പേടകം തിരികെ ഭൂമിയിലേക്ക് മടങ്ങുന്നു. ചന്ദ്രനിൽ നിന്നും വ്യാഴാഴ്ച ഭൂമിയിലേക്ക് തിരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മണിക്കൂറിൽ 24,500 മൈൽ (39,400 കി.മീ) വേഗതയിലാണ് ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന ഓറിയോണിന്റെ താപകവചത്തിന്റെ ദൈർഘ്യം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം.
നാസയുടെ ആർട്ടെമിസ് നവംബർ 16നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസിലൂടെ (സ്പേസ് ലോഞ്ച് സിസ്റ്റം) ആളില്ലാ പേടകമായ ഒറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടെമിസ്-3 യ്ക്ക് മുന്നോടിയായുള്ള റിഹേഴ്‌സലാണ് ആർട്ടെമിസ്-1. ഓറിയോൺ ഡിസംബർ 11ന് സാൻഡിയാഗോ തീരത്ത് പസഫിക് സമുദ്രത്തിൽ തിരികെ പതിക്കും.
4,32,000 ദൂരം അകലെയെത്തിയ ഓറിയോൺ ഭൂമിയെയും ചന്ദ്രനെയും ഒരുമിച്ച് പകൽ മുഴുവനും പകർത്തുകയും ചെയ്തു. 25.5 ദിവസത്തെ ദൗത്യത്തിന്റെ 13-ാം ദിവസവും ബഹിരാകാശ പേടകം ആരോഗ്യകരമായ അവസ്ഥയിൽ തുടരുന്നു. ‘ഈ ദൗത്യം എത്ര സുഗമമായി നടന്നുവെന്നത് അവിശ്വസനീയമാണ്, പക്ഷേ ഇതൊരു പരീക്ഷണമാണ്. അതാണ് ഞങ്ങൾ ചെയ്യുന്നത്’ നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
അതിനിടെ ഭൂമിയിലേക്ക് തിരിച്ച് പതിയ്ക്കുന്ന ഓറിയോണിനെ വീണ്ടെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നാസയുടെ ഗ്രൗണ്ട് സിസ്റ്റംസ് ടീമും യുഎസ് നേവിയും പസഫിക് സമുദ്രത്തിൽ തുടങ്ങി കഴിഞ്ഞു. ബഹിരാകാശയാത്രികർക്കൊപ്പം 2024-ൽ അടുത്ത ചന്ദ്രനിലേക്കുള്ള ഒരു ഡ്രസ് റിഹേഴ്‌സലാണ് ആർട്ടെമിസ്-1 ദൗത്യം. 2025-ൽ ബഹിരാകാശയാത്രികർ ചന്ദ്രനിലിറങ്ങും.