ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ സംരക്ഷണത്തെക്കുറിച്ച് അറിയേണ്ടത്

0
42

രാജ്യത്ത് വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷികളെ സംരക്ഷിക്കാന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. ‘പ്രോജക്റ്റ് ടൈഗര്‍’ മാതൃകയിലാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രോജക്ട് ടൈഗര്‍ ലോകത്തിലെ ഏറ്റവും വിജയകരമായ ഒരു ജീവിവര്‍ഗ സംരക്ഷണ പരിപാടിയായി സര്‍ക്കാര്‍ കണക്കാക്കുന്നു. രാജസ്ഥാന്റെ സംസ്ഥാനപക്ഷിയാണ്. ഗുജറാത്തിലേയും രാജസ്ഥാനിലേയും വൈദ്യുതലൈനുകളില്‍ തട്ടിയുള്ള അപകടങ്ങളെ തുടര്‍ന്ന് നിരവധി ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകളാണ് പ്രതിവര്‍ഷം മരണപ്പെടുന്നത്.

ഈ പശ്ചാത്തലത്തില്‍ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി എത്തിയിരുന്നത്. ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടിയത്. പ്രോജക്റ്റ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് ആരംഭിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുകയും ചെയ്തിരുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ

ഇന്ത്യയില്‍ പ്രധാനമായും രാജസ്ഥാനിലും ഗുജറാത്തിലും കാണപ്പെടുന്ന ഈ പക്ഷി പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഭാരം കൂടിയതാണ്. വലിപ്പത്തിലും വലുതാണ്. ദൂരെ നിന്ന് നോക്കിയാല്‍ ഒട്ടകപ്പക്ഷിയെപ്പോലെ തോന്നിക്കും. രാജസ്ഥാന്റെ സംസ്ഥാന പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്. സംസ്ഥാനത്തെ ജയ്സാല്‍മീറിലെ മരുഭൂമി പാര്‍ക്കിലും അജ്മീറിലെ ഷോകാലിയ മേഖലയിലുമാണ് ഇത് കാണപ്പെടുന്നത്.

ഇടതൂര്‍ന്ന പുല്ലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകള്‍. പുല്‍മേടുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ് ഇവയുടെ വംശനാശത്തിന് പ്രധാനകാരണം. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകള്‍ വംശനാശത്തിന്റെ വക്കിലാണ്. ഈ ഇനത്തില്‍ പെട്ട 50 മുതല്‍ 249 വരെ പക്ഷികള്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി

സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവില്‍ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, വി.രാമസുബ്രഹ്‌മണ്യന്‍ എന്നിവര്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നാലാഴ്ചയ്ക്കകം സമഗ്രമായ പഠനം നടത്തി ബേര്‍ഡ് ഡൈവേര്‍ട്ടറുകള്‍ സ്ഥാപിക്കാനാകുമോ ഇല്ലയോ എന്ന് കണ്ടെത്താന്‍ നിര്‍ദേശിച്ചു. ഈ പക്ഷികളെ രക്ഷിക്കുക എന്നതാണ് ഇത് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം.

ഇതോടൊപ്പം ഗുജറാത്തിലെയും രാജസ്ഥാനിലെയും ഹൈ ടെന്‍ഷന്‍ ലൈനിന്റെ ആകെ നീളം വിലയിരുത്താനും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ തുറസ്സായ സ്ഥലത്ത് സ്ഥാപിക്കുന്ന വൈദ്യുത കമ്പികള്‍ പക്ഷികള്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ ഭൂമിക്കടിയിലൂടെ നിര്‍മിക്കണം. ആറാഴ്ചയ്ക്കകം ഇരു സര്‍ക്കാരുകളോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.