വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവികാസങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ്

0
42

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവികാസങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് സത്യവാങ് മൂലത്തിൽ കുറ്റപ്പെടുത്തി. അക്രമത്തിൽ ആദ്യം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടർന്ന് വൈദികരടക്കം 3000 ത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞു. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങൾ സമരക്കാർ നശിപ്പിച്ചു. പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. 64 പൊലീസുകാർക്കാണ് പരുക്കേറ്റത്. നേരത്തെ ഹൈക്കോടതിയിൽ സമരസമിതി നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചുവെന്നും പൊലീസ് കുറ്റപ്പെടുത്തി.

വിഴിഞ്ഞത്ത് ഇനി വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സർക്കാരും പൊലീസും. നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസെടുത്തത്. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ ആകെ അഞ്ച് കേസായി. മന്ത്രിക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ വൈദികൻ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. വൈദികൻ ശ്രമിച്ചത് വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനുമാണെന്നും മന്ത്രിക്കെതിരായ പരാമര്‍ശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും അടക്കം എഫ്ഐആറിലുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 3000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമവും ഗൂഢാലോചനയും അടക്കം വകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ടെങ്കിലും നടപടകളിലേക്ക് എപ്പോൾ കടക്കുമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.