Sunday
11 January 2026
24.8 C
Kerala
HomeIndiaദളിതർക്ക് സാധനം വിൽക്കില്ലെന്ന് ഉടമയുടെ ശാഠ്യം, തഞ്ചാവൂരിൽ കടപൂട്ടി സീൽ വെച്ച് അധികൃതർ

ദളിതർക്ക് സാധനം വിൽക്കില്ലെന്ന് ഉടമയുടെ ശാഠ്യം, തഞ്ചാവൂരിൽ കടപൂട്ടി സീൽ വെച്ച് അധികൃതർ

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ഗ്രാമത്തിൽ അയിത്തം നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. തഞ്ചാവൂർ ജില്ലയിൽ പാപ്പക്കാടിനടുത്തുളള കേലമംഗലം ഗ്രാമത്തിലാണ് സംഭവം. ഒരു കടയുടമ ഗ്രാമവാസികളിൽ ഒരാളോട് ജാതിവിവേചനം കാണിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഒരാൾ പെട്രോൾ ചോദിക്കുന്നതും എന്നാൽ നൽകാൻ കടയുടമ വിസമ്മതിക്കുന്നതും വീഡിയോയിൽ കാണാം. പ്രത്യേക ജാതിയിൽപ്പെട്ടവർക്ക് സാധനങ്ങൾ വിൽക്കാൻ പാടില്ലെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടതിനാൽ സാധനങ്ങൾ നൽകാൽ കഴിയില്ലെന്ന് കടയുടമ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

നവംബർ 28ന് ‘സവർണ ഹിന്ദുക്കൾ’ ഒരു പഞ്ചായത്ത് യോഗം വിളിച്ച്കൂട്ടിയെന്ന് വിവരമുണ്ട്. യോഗത്തിൽ പട്ടികജാതിയിൽപ്പെട്ട ഗ്രാമീണർക്ക് ഭ്രഷ്ട് കൽപിക്കാൻ അവർ തീരുമാനിച്ചു. കടയുടമകൾ ഉത്പന്നങ്ങളൊന്നും അവർക്ക് വിൽക്കരുതെന്നും ഗ്രാമത്തിലെ ചായക്കടകളിലോ ബാർബർഷോപ്പുകളിലോ പട്ടികജാതിക്കാർ പ്രവേശിക്കരുതെന്നും സവർണർ ഉത്തരവിറക്കി.

കടയുടമ പട്ടികജാതിയിൽപ്പെട്ടവർക്ക് പലചരക്ക് സാധനങ്ങൾ നൽകാൻ വിസമ്മതിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലെത്തി. കാരണം തിരക്കിയപ്പോൾ ഗ്രാമീണരുടെ കൂട്ടായ തീരുമാനമാണെന്നായിരുന്നു കടയുടമയുടെ മറുപടി. തുടർന്ന് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പട്ടികജാതി വിഭാഗത്തോട് വിവേചനം കാണിക്കുന്നതായി കണ്ടെത്തി. ഇതിനേത്തുടർന്ന് ദൃശ്യത്തിൽ കാണുന്ന കടയുടമ വീരമുത്തുവിനെ എസ്‌സി എസ്ടി ആക്ടുൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തിലെ ചായക്കടകളിൽ രണ്ട് ഗ്ലാസ് സംവിധാനം നിലനിൽക്കുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവിടങ്ങളിൽ പട്ടികജാതിക്കാർ ഉപയോഗിക്കുന്ന ഗ്ലാസ് മറ്റ് ജാതിക്കാർ ഉപയോഗിക്കില്ല. ബാർബർഷോപ്പുകളിലും സമാനമായ വിവേചനമാണ് നിലനിൽക്കുന്നതെന്നും ഉദ്യോഗസ്ഥർ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ദളിതർക്ക് സാധനങ്ങൾ നൽകാൻ വിസമ്മതിച്ചയാളുടെ കട പൂട്ടി അധികൃതർ സീൽ വെച്ചു. സ്ഥലത്ത് ക്രമസമാധാനം നിലനിർത്താൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments