തമിഴ്‌നാട്ടിൽ സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാൻ വിദ്യാർത്ഥികൾ; കേസെടുത്തു

0
54

തമിഴ്‌നാട് ഈറോഡിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ കൊണ്ട് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചിമുറിയും, വാട്ടർ ടാങ്കും വൃത്തിയാക്കിച്ചുവെന്ന് ആരോപണം. വിഷയം പുറത്തായതോടെ സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്യുകയും, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കുകയും ചെയ്‌തു.

സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാളെ പെരുന്തുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എങ്ങനെ രോഗം പിടിപെട്ടുവെന്ന് രക്ഷിതാക്കൾ കുട്ടിയോട് ചോദിച്ചപ്പോൾ, മറ്റ് കുറച്ച് വിദ്യാർത്ഥികളോടൊപ്പം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് വാട്ടർ ടാങ്കും കുളിമുറിയും വൃത്തിയാക്കിയതായി കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് സ്‌കൂളിലെ നാലാം ക്ലാസിലെ വിദ്യാർത്ഥികളോട് രക്ഷിതാക്കൾ വിവരം അന്വേഷിച്ചപ്പോൾ തങ്ങളെ വാട്ടർ ടാങ്കും കുളിമുറിയും വൃത്തിയാക്കാൻ പ്രേരിപ്പിച്ചുവെന്ന് കുട്ടികൾ വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ഇത് ചെയ്യാൻ നിർബന്ധിച്ചെതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഒന്നിലധികം തവണ ഇത്തരത്തിൽ തങ്ങളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചെന്ന് കുട്ടികൾ വ്യക്തമാക്കി.

സംഭവത്തിൽ പ്രധാനാധ്യാപികയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, ഒളിവിൽ കഴിയുന്ന പ്രധാന അധ്യാപിക ഗീതാറാണിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പ്രധാനാധ്യാപിക ഗീതാറാണിയെ സസ്‌പെൻഡ് ചെയ്യുകയും, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കുകയും ചെയ്‌തത്‌.