ഒബാമയോടോ ജോണ്‍ കീയോടോ ഈ ചോദ്യം ചോദിച്ചിരുന്നോ? റിപ്പോര്‍ട്ടര്‍ക്ക് മറുപടിയുമായി ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി

0
51

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അരോചകമായ ചോദ്യമുന്നയിച്ച പത്രപ്രവര്‍ത്തകന് മറുപടി നല്‍കി ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിയുമായുള്ള ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശന വേളയിലാണ് അരോചകമായ ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകനോട് ജസീന്ത മറുപടി നല്‍കുന്നത്.

ബുധനാഴ്ച ഓക്ലന്‍ഡില്‍ വച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നടന്നത്. യുക്രൈന്‍ പരമാധികാരം, കാലാവസ്ഥാ പ്രതിസന്ധി, ഇറാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള പ്രശ്‌നങ്ങളെ കുറച്ചുള്ള ആശങ്കകള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു. അതിനിടെ ഈ വിഷയങ്ങളിലൊന്നും ഊന്നിപ്പറയാതെ ജസീന്ത ആര്‍ഡനെ തികച്ചും അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു പത്രപ്രവര്‍ത്തകന്റെ ചോദ്യം.

ഇരുനേതാക്കളും സ്ത്രീകളായതുകൊണ്ടാണോ പരസ്പരം കൂടിക്കാഴ്ച നടത്തിയതെന്നും സമപ്രായം ഉള്‍പ്പെടെ രണ്ടുപേര്‍ക്കും നിരവധി സാമ്യമങ്ങളുണ്ടെന്നുമായിരുന്നു പത്രപ്രവര്‍ത്തകന്റെ വാക്കുകള്‍. ഉടനെ വന്നു ജസീന്തയുടെ മറുപടി:

തീര്‍ച്ചയായും….രാഷ്ട്രീയത്തില്‍ പുരുഷന്മാര്‍ക്കുള്ളതുപോലെ ഉയര്‍ന്ന അനുപാതം ഞങ്ങള്‍ക്കുമുണ്ട്. അതാണ് യാഥാര്‍ത്ഥ്യം. ഇവിടെ രണ്ട് സ്ത്രീകള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് അവരുടെ ലിംഗഭേദം കൊണ്ടല്ല. ബരാക് ഒബാമയും ജോണ്‍ കീയും ഒരേ പ്രായത്തിലുള്ളവര്‍ ആയതുകൊണ്ടാണോ അവര്‍ കണ്ടുമുട്ടിയതന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? ഇതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്,’അവര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രിയായ കീ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

ന്യൂസിലന്‍ഡ് ടോക്ക്-റേഡിയോ സ്റ്റേഷനായ ന്യൂസ്സ്റ്റോക്ക് ZBയിലെ റിപ്പോര്‍ട്ടറാണ് ചോദ്യം ചോദിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തോടെ ഫിന്‍ലാന്‍ഡിന്റെ സാങ്കേതിക വിഭവങ്ങള്‍ വൈവിധ്യവത്കരിക്കുന്നതില്‍ മരിന്‍ താല്‍പ്പര്യം കാണിച്ചു. അതേസമയം ഇരുരാജ്യത്തിന്റെയും കയറ്റുമതിയിലെ സാധ്യതകളും ആര്‍ഡെന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ‘ഞങ്ങള്‍ പ്രധാനമന്ത്രിമാരായതുകൊണ്ടാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. സന മരിന്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ അതുമാത്രമല്ല ഒരുമിച്ച് നിന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. മരിന്‍ കൂട്ടിച്ചേര്‍ത്തു.

യുഎന്നിന്റെ കണക്കനുസരിച്ച് 13 രാജ്യങ്ങളില്‍ നിലവില്‍ സ്ത്രീകളാണ് അധികാരത്തിലിരിക്കുന്നത്. 1997ലാണ് ന്യൂസിലാന്‍ഡിന് ആദ്യത്തെ പ്രധാനമന്ത്രിയെ ലഭിക്കുന്നത്. 2000ത്തിലാണ് ഫിന്‍ലാന്‍ഡിന് തങ്ങളുടെ ആദ്യ വനിതാ പ്രധാനമന്ത്രിയെ ലഭിക്കുന്നത്. 2017ലാണ് ജസീന്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിയ 2019ലും ചുമതലയേറ്റു. 42 കാരിയാണ് ജസീന്ത ആര്‍ഡേന്‍. 37 കാരിയാണ് സന്ന മരിന്‍.