വനിത ഹോസ്റ്റലുകളിലെ രാത്രി വിലക്ക്: ആക്രമണ ഭയത്തേയല്ല, അക്രമിയെയാണ് താഴിട്ട് പൂട്ടേണ്ടത്

0
66

പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന സദാചാര ഗുണ്ടായിസത്തോട് ചേര്‍ത്തു വയ്ക്കാവുന്നതാണ് ഹോസ്റ്റലുകളിലെ രാത്രി വിലക്കും. വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ആത്മാഭിമാനത്തെയും കുറിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളും വഴിതിരിച്ചുവിടുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ പലപ്പോഴായി കണ്ടു വരാറുണ്ട്. പെണ്‍കുട്ടികള്‍ വൈകുന്നേരം വൈകി വീട്ടിലെത്തുന്നതും വൈകി യാത്ര ചെയ്യുന്നതുമൊക്കെ വലിയ പ്രശ്‌നങ്ങളായി കാണുന്ന സമീപനം മാറ്റിയെങ്കില്‍ മാത്രമേ പുരോഗമനം എല്ലാ വിധത്തിലും അര്‍ഥവത്താകൂ.

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശിക്കുന്നതിനുള്ള സമയ നിയന്ത്രണം 9.30 ആക്കി നിശ്ചയിച്ച തീരുമാനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. പൂട്ടിയിടേണ്ടത് വിദ്യാര്‍ത്ഥിനികളെയല്ലെന്നും അക്രമികളെയാണെന്നും, ആണധികാര വ്യവസ്ഥിതിയില്‍ നിന്നുള്ള ചിന്തയാണ് ഇത്തരം വിലക്കിന് കാരണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കുടുംബം, വിദ്യാഭ്യാസസ്ഥാപനം എന്നിങ്ങനെയുള്ള വ്യത്യസ്ത സാമൂഹികസ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വ്യത്യസ്തങ്ങളായ അസ്വാതന്ത്ര്യങ്ങളും നിയന്ത്രണങ്ങളും പുനര്‍ചിന്തനം ചെയ്യുന്നതിന് ഉതകുന്നതാണ് ഇത്തരം നിയന്ത്രണങ്ങളിന്‍മേലുള്ള ചര്‍ച്ചകളും കോടതി തീരുമാനങ്ങളും. ഇത് അംഗീകരിക്കാന്‍ സമൂഹം കൂടി തയ്യാറാകേണ്ടതുണ്ട്. വനിത ഹോസ്റ്റലുകളിലെ മേട്രണ്‍, വാര്‍ഡന്‍ എന്നിവരും പാചകപ്പണിക്കുനില്‍ക്കുന്നവരും പെണ്‍കുട്ടികളെ നിയന്ത്രിക്കുക എന്ന ചുമതല പുരുഷാധിപത്യത്തിന്റെ ആശയങ്ങളിലൂടെയാണ് നടത്തുന്നതെന്ന ആക്ഷേപം ഏറെ നാളായുണ്ട്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സ്ത്രീസ്വാതന്ത്ര്യം, സമത്വം എന്നിവയൊക്കെ പൂര്‍ണതലത്തിലെത്താന്‍ ഇനിയും നാളുകളെണ്ണി കാത്തിരിക്കേണ്ടി വരും.

ആണ്‍കുട്ടികളോട് നമ്മള്‍ പാലിക്കുന്ന മര്യാദയൊന്നും പെണ്‍കുട്ടികളോട് കാണിക്കേണ്ടതില്ല എന്ന മനോഭാവം തിരുത്തപ്പെടണം. പെണ്‍കുട്ടികളോട് നമ്മള്‍ എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം എന്നത് വീണ്ടുവിചാരം നടത്തേണ്ട കാര്യമാണ്. ഇത് ഒരു സാമൂഹികപ്രശ്‌നമായിത്തന്നെ കണ്ട് ചര്‍ച്ച ചെയ്ത് വ്യക്തതവരുത്തേണ്ടതാണ്. സുരക്ഷയ്ക്കാണെന്ന ലേബല്‍ പൂശിയാണ് പെണ്‍കുട്ടികളെ നിയന്ത്രിക്കുന്നതിനെ പലരും ന്യായീകരിക്കുന്നത്. ഇതുവഴി ആത്മാഭിമാനം ഇല്ലാത്തവരും ധൈര്യം ചോര്‍ന്നവരും അബലകളും ചപലകളുമായ വിഭാഗമായി സമൂഹത്തിന്റെ മൂലയ്‌ക്കൊതുങ്ങാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകും.

പെണ്‍കുട്ടികളെ ഏതുവിധവും ചോദ്യംചെയ്യാമെന്നും അപമാനിക്കാമെന്നുമുള്ള തോന്നല്‍ നമ്മുടെ സമൂഹത്തില്‍ വേരുറച്ചിട്ടുള്ള പ്രശ്‌നമാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തില്‍ പെണ്‍കുട്ടിക്കുനേരെ നടന്ന സദാചാരഗുണ്ടാ ആക്രമണം. നടുറോഡില്‍ വലിച്ചിഴച്ചും വയറില്‍ ചവിട്ടിയും അക്രമിസംഘം ക്രൂരമായി ആക്രമിക്കുമ്പോള്‍ ഓടിക്കൂടിയവര്‍ നിസ്സംഗരായി ഇത് നോക്കി നിന്നു എന്നതും ഗൗരവമേറിയ വിഷയമാണ്. അതേസമയം, ആണ്‍കുട്ടികളെ ആത്മാഭിമാനം നോക്കാതെ ചോദ്യംചെയ്യരുതെന്നും കഴിയുമെങ്കില്‍ അവരുടെ തെറ്റുകള്‍ ഒരു തലോടലോടെയോ താഴ്മയോടെയോ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ അവഗണിച്ചേക്കണമെന്നോ ഉള്ള രീതിയാണ് നമുക്കിടയില്‍ കൂടുതലുമുള്ളത്.

ഈ പ്രവണത മാറ്റിയെടുക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സമയ നിയന്ത്രണങ്ങളുടെ പേരില്‍ ഹോസ്റ്റല്‍ ഗേറ്റുകളെ താഴിട്ട് പൂട്ടുന്നത്. പെണ്‍കുട്ടികളെ ആരെല്ലാമോ ആക്രമിച്ചേക്കും എന്ന ഭയത്താല്‍ അവരെ പൂട്ടിയിടുകയല്ല വേണ്ടത്. അക്രമികളെ പൂട്ടുന്ന നടപടിയാണ് വേണ്ടതെന്ന ചിന്ത നമ്മുടെ സാമൂഹികബോധത്തില്‍ ഉറയ്ക്കാത്ത കാലത്തോളം ‘ദുര്‍ഗന്ധം’ വമിക്കുക തന്നെ ചെയ്യും.