ഉദിയൻകുളങ്ങര കൊലപാതകം; ഭാര്യയുടെ ആദ്യ വെട്ട് തലയിൽ, നിലവിളിച്ചപ്പോൾ വായിൽ

0
65

ഉദിയൻകുളങ്ങര പുതുക്കുളങ്ങരയിൽ ഭാര്യ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബാധ്യതയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. തർക്കത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ അർദ്ധരാത്രി വീട്ടമ്മ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉദിയൻകുളങ്ങര പുതുക്കുളങ്ങര ബ്രബിൻ കോട്ടേജിൽ കരിപ്പെട്ടി ബിസിനസുകാരൻ ചെല്ലപ്പനാണ് (56) അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ലൂർദ്ദ് മേരിയെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

കരിപ്പെട്ടി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയും മൂത്ത മകളുടെ വിവാഹത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമാണ് ലൂർദ് മേരിയെ കൊലപാതകത്തിലേക്ക് നയിച്ചത്. തലയിലും മുഖത്തും ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മൂന്ന് വെട്ടുകളാണ് ശരീരത്തിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ലൂർദ് മേരി ആദ്യം ഭർത്താവിൻ്റെ തലയിലാണ് വെട്ടിയത്. വെട്ടേറ്റ് നിലവിളിച്ചതോടെ വായിലും വെട്ടുകയായിരുന്നുവെന്ന് ലൂർദ് മേരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചെല്ലപ്പനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി കൊലപാതകം നടന്നമുറിയിലെ കട്ടിലിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പതിരാത്രിയാണ് കൊലപാതകം നടന്നത്. ഈ സമയത്ത് ഇരുവരേയും കൂടാതെ മൂന്നാമത്തെ മകൾ ഏയ്ഞ്ചൽ മേരിയും വീട്ടിലുണ്ടായിരുന്നു. രാത്രിയിൽ അച്ഛനമ്മമാരുടെ കിടപ്പുമുറിയിൽ നിന്ന് നിലവിളി കേട്ട് എയ്ഞ്ചൽ ഉണർന്നിരുന്നു. ആ സമയം മുറിയിൽ നിന്ന് പുറത്തുവരുന്ന അമ്മയെയാണ് കണ്ടത്. എന്താണ് നിലവിളി കേട്ടതെന്ന് മകൾ ചോദിച്ചപ്പോൾ ഞാൻ നിൻ്റെ അച്ഛനെ കൊന്നുവെന്നായിരുന്നു ലൂർദ് മേരി മറുപടി പറഞ്ഞത്. അമ്മയുടെ മറുപടി കേട്ട് എയ്ഞ്ചൽ ഭയന്ന് നിലവിളിക്കുകയായിരുന്നു. എയ്ഞ്ചലിൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ലൂർദ്ദ് മേരിയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സഎത്തി ഇവരെ കസ്റ്റഡിലെടുക്കുകയായിരുന്നു.

ചെല്ലപ്പൻ വീടിന് സമീപം വർഷങ്ങളായി കരിപ്പെട്ടി നിർമ്മാണ യൂണിറ്റ് നടത്തുകയായിരുന്നു. മുൻപ് സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ഇതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൂത്തമകളുടെ വിവാഹം നടത്തിയതുൾപ്പെടെ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യത കുടുംബത്തിന് വന്നുപെട്ടു. പലരിൽ നിന്നും ചെല്ലപ്പന കടം വാങ്ങിയിരുന്നു. ബ്ലേഡ് പലിശക്കാരിൽ നിന്നും വൻ തുകകളാണ് ചെല്ലപ്പൻ കെെപ്പറ്റിയിരുന്നത്. കുറച്ചു കാലമായി പണം തിരിച്ചടവ് ഇല്ലായിരുന്നു. ഇതേ തുടർന്ന് പലിശക്കാർ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതിൻ്റെ പേരിൽ ഭർത്താവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. പലിശക്കാരെ കൊണ്ട് പൊറുതിമുട്ടിയാണ് കൃത്യം നടത്തിയതെന്നും ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ലൂർദ് മേരിപൊലീസിന് മൊഴി നൽകിയിരുന്നു.

അതേസമയം നാലഞ്ചു മാസമായി ലൂർദ്ദ് മേരി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം പൂർണ്ണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതസംബന്ധിച്ച് സ്ഥിരീകരണം ആവശ്യമണെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്നാട് വള്ളിയൂർ സ്വദേശിയാണ് ചെല്ലപ്പൻ. ഉദിയൻകുളങ്ങര സ്വദേശിയായ ലൂർദ്ദ് മേരിയെ വിവാഹം കഴിച്ചതോടെയാണ് ചെല്ലപ്പൻ കേരളത്തിൽ സ്ഥിരതാമസമാക്കിയത്. ചെല്ലപ്പൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉദിയൻകുളങ്ങര ആനക്കുന്ന് ആസി ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു.